ന്യൂയോര്‍ക്ക്: യു.എസ് സൈനികോദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാന്റെ സൈബര്‍ ആക്രമണം നടന്നതായി ഗവേഷണ സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ട്. നെറ്റ് വര്‍ക്കുകളിലെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയിലെ പാളിച്ചകള്‍ മുതലാക്കി യു.എസ് സൈനികരുടെ ലൊക്കേഷന്‍ ഇറാന്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമേഷ്യയില്‍ വിന്യസിച്ച യു.എസ് സൈനികരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ഇറാന്‍ ചോര്‍ത്തിയത്. ഉദ്യോഗസ്ഥരുടെ ഫോണുകളുടെ ലൊക്കേഷന്‍ മനസ്സിലാക്കിക്കൊണ്ടായിരുന്നു വിവരം ചോര്‍ത്തിയതെന്ന് ദ മോബൈല്‍ സര്‍വൈലന്‍സ് മോണിറ്റര്‍ എന്ന ഗവേഷണ സ്ഥാപനം പ്രസിദ്ധീകരിച്ച ഡാറ്റ വ്യക്തമാക്കുന്നു.
മൊബൈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കുന്ന ഗവേഷണ സ്ഥാപനമാണ് ദ മോബൈല്‍ സര്‍വൈലന്‍സ് മോണിറ്റര്‍. ഇതൊരു സൈബര്‍ ആക്രമണ പദ്ധതിയാണെന്ന് കരുതുന്നതായി ദ മൊബൈല്‍ സര്‍വൈലന്‍സ് നെറ്റ് വര്‍ക്ക് സ്ഥാപകന്‍ ഗാരി മില്ലര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പതിനായിരക്കണക്കിന് യു.എസ് സൈനികര്‍ നിലവില്‍ പശ്ചിമേഷ്യയിലുണ്ട്. സെല്‍ഫോണ്‍ സിഗ്നലുകള്‍ വഴി ഇറാന്‍ ഇവരെ ട്രാക്ക് ചെയ്തതായി ദ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നെറ്റ് വര്‍ക്കിലെ പാളിച്ചകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ കാണിക്കാന്‍ ഉപയോഗിക്കുന്ന ലൊക്കേഷന്‍ അധിഷ്ഠിത പരസ്യ ഡാറ്റാബേസുകളും ഇറാന്‍ ട്രാക്കിങ്ങിനായി ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്. ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലുള്ള സൈനികരെ ഇത്തരത്തില്‍ നിരീക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
1970-കള്‍ മുതല്‍ ഉപയോഗിക്കുന്ന ‘സിഗ്‌നലിങ് സിസ്റ്റം നമ്പര്‍ 7’ (എസ്.എസ് 7) എന്ന സാങ്കേതിക വിദ്യയിലെ പാളിച്ചകളാണ് ഇറാന്‍ മുതലെടുത്തതെന്നാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരിയില്‍ യു.എസും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇറാന്‍ ഈ വിവരങ്ങള്‍ ചോര്‍ത്തിയത്.
നിലവില്‍ ഇറാന്‍ യു.എസ് സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. യുദ്ധം താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സമാധാന കരാറില്‍ ഇറാനും യു.എസും കഴിഞ്ഞ മാസം ഒപ്പുവച്ചെങ്കിലും വീണ്ടും ഇരു പക്ഷവും വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള വിഷയങ്ങളാണ് ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ വീണ്ടും രൂക്ഷമാവാന്‍ കാരണം.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനെതിരെ നാലാം ഘട്ട വ്യോമാക്രമണം ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ ഇറാനിലെ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, ബംപുര്‍, ചബഹാര്‍ എന്നിവിടങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ബംപുരിലെ സൈനിക താവളത്തില്‍ സൈനികര്‍ വിശ്രമിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ക്ക് നേരെയും യു.എസ് ആക്രമണം ഉണ്ടായി. ഇതിനുപുറമെ, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ നാവിക പാതകള്‍ അമേരിക്ക പൂര്‍ണമായും ഉപരോധിച്ചു. 21 യു.എസ് കപ്പലുകള്‍ നിലവില്‍ മേഖലയിലുണ്ട്.
അമേരിക്കയുടെ നീക്കത്തിന് മറുപടിയായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കുവൈറ്റ്, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ബഹ്റൈനിലെ യു.എസ് നാവിക താവളത്തിന് നേരെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അവിടെ അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു
Content highlight: Iran Reportedly Tracked Phones of U.S. Military Personnel in the Mideast, Data Suggests