| Monday, 13th October 2025, 9:22 am

ഗസ സമാധാന ഉച്ചകോടി; രാജ്യത്തെ ആക്രമിച്ചവർക്കൊപ്പമിരിക്കാനാവില്ല; ക്ഷണം നിരസിച്ച് ഇറാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാൻ: ഈജിപ്തിൽ ഇന്ന് (തിങ്കൾ) നടക്കാനിരിക്കുന്ന ഗസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദുൾ ഫത്താഹ് എൽ-സീസിയുടെ ക്ഷണത്തിന് നന്ദിയറിയിച്ചുകൊണ്ടാണ് ഇറാൻ ഉച്ചകോടി ബഹിഷ്കരിച്ചത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെയും ഊർജമേഖലകളെയും ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളും ഉദ്ദേശിച്ചായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പരാമർശം.

‘ഇറാൻ ജനതയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ഉപരോധിക്കുകയും ചെയ്യുന്ന നേതാക്കളുമായി തനിക്കോ പ്രസിഡന്റ് പെസെഷ്കിയാനോ ഒപ്പമിരിക്കാൻ കഴിയില്ല. എതിരാളികളുമായി കൂടിക്കാഴ്ച നടത്തില്ല ,’ അദ്ദേഹം പറഞ്ഞു.

ഗസയിലെ ഇസ്രഈൽ വംശഹത്യ അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു തീരുമാനത്തെയും ഇറാൻ പിന്തുണയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഗസയിലെ ഇസ്രഈൽ വംശഹത്യ അവസാനിപ്പിക്കുന്നതിനും അധിനിവേശ സേനയെ പുറത്താക്കുന്നതിനുമുള്ള ഏതൊരു തീരുമാനത്തെയും ഇറാൻ സ്വാഗതം ചെയ്യുന്നു. സ്വയം നിർണയം ഫലസ്തീനികളുടെ മൗലികാവകാശമാണ്. അത് നേടിയെടുക്കാൻ അവർ പൂർണ അർഹരാണ്,’ അരാഗ്ചി പറഞ്ഞു.

ഗസയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് ഇറാൻ എക്കാലവും നിലനിന്നതെന്നും സഖ്യകക്ഷികളുടെ പൈസ ഉപയോഗിച്ച് ഇസ്രഈലിനെപോലെ ഇറാൻ യുദ്ധങ്ങൾ നടത്തുന്നില്ലെന്നും മറിച്ച് സമാധാനം, സമൃദ്ധി, സഹകരണം എന്നിവയാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദുൾ ഫത്താഹ് എൽ- സിസിയുടെയും നേതൃത്വത്തിലാണ് ഗസ സമാധാന ഉച്ചകോടി നടക്കുന്നത്.

സമാധാന കരാറിന്റെ ഭാഗമായി ഇസ്രഈലും ഹമാസും ഇന്ന് ബന്ദികളെ കൈമാറുമെന്നും റിപ്പോട്ടുകളുണ്ട്. 20ലധികം രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കുക, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഒരു പുതിയ തുടക്കം കുറിക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

അതേസമയം സമാധാന ഉച്ചകോടിക്കായി ട്രംപ് മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗസയിലെ യുദ്ധം അവസാനിച്ചുവെന്നും വെടിനിർത്തൽ നിലനിൽക്കുമെന്നും ട്രംപ് പറഞ്ഞു. സമാധാന കരാറിന്റെ ഭാഗമായി ഇസ്രഈലും ഹമാസും ഇന്ന് ബന്ദികളെ കൈമാറുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Content Highlight: Iran rejects invitation to Gaza peace summit

We use cookies to give you the best possible experience. Learn more