| Tuesday, 24th March 2026, 10:41 am

ഇറാൻ ഭരണമാറ്റം: മൊസാദിന്റെ ഉറപ്പ് വിശ്വസിച്ച ട്രംപിനും നെതന്യാഹുവിനും പിഴച്ചു; അട്ടിമറി നീക്കം പരാജയമെന്ന് റിപ്പോർട്ട്

മുഹമ്മദ് നബീല്‍

ടെൽ അവീവ്: ഇസ്രാഈലിന്റെ ഇന്റലിജൻസ് ഏജൻസി മൊസാദ് ഇറാനിലെ ഭരണമാറ്റത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ.

മൊസാദ് ചീഫ് ഡേവിഡ് ബർണിയ ഇറാനെതിരായ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി പകുതിയോടെ വാഷിങ്ടൺ സന്ദർശിച്ച വേളയിൽ ബാർണിയ ഈ നിർദേശം മുതിർന്ന യു.എസ് ഉദ്യോഗസ്ഥർക്ക് മുന്നിലും അവതരിപ്പിച്ചിരുന്നുവെന്നും അമേരിക്ക – ഇസ്രഈൽ ഉദോഗസ്ഥരുടെ അഭിമുഖത്തെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് പറഞ്ഞു.

ഇറാൻ സർക്കാരിനെ താഴെയിറക്കാൻ സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബോധ്യപ്പെടുത്താൻ നെതന്യാഹു ഉപയോഗിച്ചത് മൊസാദ് നൽകിയ ഉറപ്പുകളായിരുന്നുവെന്ന് അമേരിക്കൻ, ഇസ്രാഈലി ഉദ്യോഗസ്ഥർ പറയുന്നു.

അമേരിക്കയിലെയും ഇസ്രഈലിലെയും ചില മുതിർന്ന ഉദ്യോഗസ്ഥർക്കും ഇസ്രഈലി മിലിട്ടറി ഇന്റലിജൻസിനും ഈ പദ്ധതിയിൽ സംശയങ്ങളുണ്ടായിരുന്നുവെങ്കിലും നെതന്യാഹുവും ട്രംപും ഇത് മുന്നോട്ട് കൊണ്ടുപോയി.

ഇറാനിലെ നേതാക്കളെ കൊലപ്പെടുത്തി യുദ്ധം ആരംഭിക്കുക, ശേഷം ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനായി രാജ്യത്തെ ബഹുജന പ്രക്ഷോഭങ്ങളിലേക്ക് നയിക്കുക എന്നതായിരുന്നു മൊസാദിന്റെ പദ്ധതി എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇറാനെതിരായുള്ള ആക്രമണങ്ങൾ തുടങ്ങിയതിന് ശേഷമുള്ള ട്രംപിനെ പ്രതികരണങ്ങളും മൊസാദിന്റെ ഈ പദ്ധതികൾ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

എന്നാൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഭരണമാറ്റം എന്ന അമേരിക്കൻ അജണ്ട അപ്രത്യക്ഷമായി. ആക്രമണം തുടങ്ങി രണ്ടാഴ്ചക്കുള്ളിൽത്തന്നെ ഇറാനിലെ ഇസ്‌ലാമിക്ക് റിപ്പബ്ലിക്കിനെ താഴെയിറക്കൽ തങ്ങളുടെ ലക്ഷ്യമല്ലെന്ന് യു.എസ് സെനറ്റർമാർ പറഞ്ഞു.

ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ കഴിയില്ലെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി‌.ഐ‌.എയുടെ വിലയിരുത്തലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ നിലവിലെ നേതാക്കൾ കൊല്ലപ്പെട്ടാൽ അതിനേക്കാൾ തീവ്രമായ മറ്റൊരു നേതൃത്വമായിരിക്കും അധികാരം ഏറ്റെടുക്കുക എന്നായിരുന്നു സി‌.ഐ‌.എയുടെ കണ്ടെത്തൽ.

അതേസമയം ഇറാനെ ആക്രമിച്ചിട്ടും രാജ്യത്ത് ഒരു ജനകീയ പ്രക്ഷോഭം ഉണ്ടാക്കാമെന്ന മൊസാദിന്റെ ഉറപ്പുകൾ ഫലം കാണാത്തതിൽ നെതന്യാഹു അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlight: Iran regime change: Trump and Netanyahu made a mistake by believing Mossad’s assurances; Report says coup attempt failed

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more