ടെഹ്‌റാൻ: ഇറാനിലെ പ്രൈമറി സ്കൂളിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 85 കുട്ടികളുടെ മരണം സ്ഥിരീകരിച്ചു.
തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. നിലവിൽ ആക്രമണം നടന്നതിന് പിന്നാലെയുള്ള മിനാബ് സ്കൂളിന്റെ ദൃശ്യങ്ങളും മറ്റും പുറത്തുവരുന്നുണ്ട്.
ഇന്ന് (ശനി) രാവിലെ മുതൽ ആരംഭിച്ച ഇസ്രഈൽ ആക്രമണത്തെ തുടർന്ന് ഇറാനിലെ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇക്കാരണത്താൽ ഇറാനിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
നിരപരാധികളായ കുട്ടികളെ കൊലപ്പെടുത്തിയതിൽ ഇസ്രഈൽ ശക്തമായ തിരിച്ചടി നേരിടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അതേസമയം നൂറിലധികം യു.എസ് സൈനികരെ കൊലപ്പെടുത്തിയെന്ന ഐ.ആർ.ജി.സിയുടെ അവകാശവാദം അമേരിക്ക നിഷേധിച്ചു.
നിലവിൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് യു.എൻ സുരക്ഷാ സമിതി യോഗം ചേരാൻ തയ്യാറെടുക്കുകയാണ്. റഷ്യയും ചൈനയും ഇറാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തെ ജി.സി.സി രാജ്യങ്ങൾ അപലപിച്ചു. ഇറാനെതിരായ ആക്രമണത്തിൽ ഒമാൻ വിദേശകാര്യമന്ത്രി അമേരിക്കയെ വിമർശിച്ചു.
ഇറാൻ ആണവ പദ്ധതികൾ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഫ്രാൻസ്, ജർമനി, യു.കെ എന്നീ രാജ്യങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം ഫ്രാൻസിന്റെ ആവശ്യപ്രകാരമാണ് യു.എൻ സെക്യൂരിറ്റി കൗൺസിൽ ചർച്ചക്കൊരുങ്ങുന്നത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് യോഗത്തെ അഭിസംബോധന ചെയ്യും.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി പ്രതികരിച്ചു. ഇതുവരെ റേഡിയോളജിക്കൽ ആഘാതം ഉണ്ടായിട്ടില്ലെന്നും ഏജൻസി അറിയിച്ചു. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആയുധങ്ങൾ ഉപയോഗിക്കുമെന്ന ഇറാന്റെ ഭീഷണികൾക്കിടയിലാണ് ഐ.എ.ഇ.എയുടെ പ്രതികരണം.
ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഹിസ്‌ബുല്ലയും രംഗത്തെത്തി. യു.എസിന്റെ ധിക്കാരപരവും അധിപത്യപരവുമായ സമീപനത്തിന്റെ തുടർച്ചയാണിതെന്ന് ഹിസ്ബുല്ല പറഞ്ഞു.
Content Highlight: Iran primary school attack: Death toll rises to 85