| Friday, 3rd April 2026, 9:07 am

ഹോർമുസ് കടലിടുക്കിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ഒമാനുമായിചേർന്ന് മാർഗരേഖ തയ്യാറാക്കാനൊരുങ്ങി ഇറാൻ

മുഹമ്മദ് നബീല്‍

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ഇറാനും ഒമാനും ചേർന്ന് ഒരു സംയുക്തമാർഗരേഖ തയ്യാറാക്കുകയാണെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി.

ഈ നീക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനല്ല, മറിച്ച് സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗതവും ഉറപ്പാക്കലാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്പുട്നിക് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കരട് മാർഗരേഖ പൂർത്തിയായിക്കഴിഞ്ഞാൽ, ഒമാനുമായുള്ള ചർച്ചകൾ ആരംഭിക്കും. അതിലൂടെ ഒരു സംയുക്ത മാർഗ്ഗരേഖയുടെ അന്തിമരൂപം നൽകാൻ സാധിക്കും,’ അദ്ദേഹം പറഞ്ഞു.

കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി അവയ്ക്ക് ആവശ്യമായ ക്ലിയറൻസുകൾ വേഗത്തിൽ ലഭ്യമാക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

ഈ മാർഗരേഖകൾ ഗതാഗതം നിയന്ത്രിക്കാനല്ല മറിച്ച് കൂടുതൽ എളുപ്പമാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സംഘർഷ സാഹചര്യങ്ങൾ സമുദ്ര ഗതാഗതത്തെ ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് ഗരീബാബാദി പറഞ്ഞു. അമേരിക്ക, ഇസ്രഈൽ എന്നിവരുടെ ഭാഗത്തുനിന്നുള്ള ആക്രമണാത്മക നടപടികളുടെ അനന്തരഫലമാണ് നിലവിലെ നിയന്ത്രണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണങ്ങൾ തുടർന്നാൽ കപ്പൽ പാതയിലൂടെ പോകുന്ന അക്രമകാരികളുടെ വാണിജ്യ, സൈനിക കപ്പലുകൾ തടയുമെന്നും ഇറാൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

ശത്രുരാജ്യങ്ങൾ ആക്രമണം തുടർന്നാൽ സമാനമായ രീതിയിൽ തിരിച്ചടിക്കുമെന്നും ഗരീബാബാദി പറഞ്ഞു.

തങ്ങളുടെ ആണവ നയം മാറ്റമില്ലാതെ തുടരുമെന്നും, അത് സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ഹോർമുസ് കടലിടുക്ക് പൂർണമായും ദേശ സാൽക്കരിക്കുന്നതിനുള്ള ബില്ല് ഇറാൻ പാർലമെന്റ് പാസ്സാക്കിയത്. ഈ ഘട്ടത്തിൽ ഒമാനുമായി ചേർന്ന് മാർഗരേഖ തയ്യാറാകുന്നത് വലിയ പ്രാധാന്യമർഹിക്കുന്നതാണ്.

ഈ കൂട്ടുകെട്ട് ലോക ക്രമത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നതിൽ സംശയമില്ല.

Content Highlight: Iran, Oman agree on roadmap to protect sovereignty over Strait of Hormuz

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more