ടെഹ്‌റാൻ: 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഔദ്യോഗിക സംഘത്തെ അവതരിപ്പിച്ച് ഇറാൻ. ‘മിനാബ് 168’ എന്നാണ് ഇറാൻ തങ്ങളുടെ ഫുട്ബോൾ സംഘത്തിന് നൽകിയിരിക്കുന്ന പേര്. തെക്കൻ ഇറാനിലെ മിനാബിൽ യു.എസ് – ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്കൂൾ കുട്ടികളോടുള്ള ആദരസൂചകമായാണ് ഫുട്ബാൾ ടീമിന് ഈ പേര് നൽകിയിരിക്കുന്നത്.
ഫെബ്രുവരി 28 ന് നടന്ന യു.എസ് – ഇസ്രഈൽ ആക്രമണത്തിന്റെ ആദ്യ ദിവസം കൊല്ലപ്പെട്ട 168 സ്കൂൾ കുട്ടികളുടെ സ്മരണാർത്ഥമാണ് ടീമിന് ഈ പേര് നൽകാൻ ഇറാനിയൻ ഫുട്ബോൾ ഫെഡറേഷന്റെ ലോകകപ്പ് കൾച്ചറൽ കമ്മിറ്റി തീരുമാനിച്ചത്.
ടീമിന്റെ ഔദ്യാഗിക ഗാനം പുനപരിശോധിക്കാനും, പ്രത്യേക ഫാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും ഇന്നലെ (ചൊവ്വ) നടന്ന ചർച്ചകളിൽ തീരുമാനമെടുത്തു. യുദ്ധത്തെത്തുടർന്ന് നിർത്തിവെച്ച ടീമിന്റെ പരിശീലന ക്യാമ്പുകൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയ കായിക താരങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതിനും രാജ്യത്തുടനീളമുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇറാൻ മുൻഗണന നൽകുന്നുവെന്ന് ഇറാൻ വക്താവ് ഫാത്തിമ മൊഹാജറാനി ആവർത്തിച്ചു.
തുർക്കി ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാൻ കായിക മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, ലോകകപ്പിന് മുന്നോടിയായി ഇറാനിയൻ ജനതയ്ക്ക് സന്തോഷം പകരുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ജൂൺ 11 മുതൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാൻ പങ്കെടുക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇറാന്റെ ക്യാബിനറ്റും രാജ്യത്തെ പരമോന്നത സുരക്ഷാ സമിതിയുമാണ്.
ഇറാന്റെ കായിക അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നേരെ നടന്ന സൈനിക ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി ഇറാൻ ടീം ലോകകപ്പിൽ നിന്ന് വിട്ടുനിന്നേക്കാം എന്ന് കായിക മന്ത്രി അഹമ്മദ് ദുനിയമാലി അടുത്തിടെ സൂചന നൽകിയിരുന്നു.
ഇറാനിലെ കളിക്കാർക്ക് മതിയായ സുരക്ഷയില്ലെന്നും അടിസ്ഥാനപരമായി മത്സരത്തിൽ പങ്കെടുക്കാനുള്ള സാഹചര്യങ്ങൾ നിലവിലില്ലെന്നും അദ്ദേഹം അടുത്തിടെ പറഞ്ഞു. ഇറാൻ ടീമിന്റെ പങ്കാളിത്തം തടസപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടായേക്കാമെന്ന സൂചന അമേരിക്കൻ ഗവൺമെന്റും നൽകിയിട്ടുണ്ട്.
ഇറാൻ ടീമിനെ മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു എന്നാൽ മത്സരത്തിൽ പങ്കെടുത്താൽ ഇറാൻ ടീമിന്റെ ജീവനും സുരക്ഷയും അപകടത്തിലായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlight: Iran names World Cup squad ‘Minab 168’ in tribute to children killed in war