ടെഹ്റാന്‍: ആയത്തുല്ല അലി ഖാംനഇയുടെ താത്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍. ആയത്തുല്ല അലിറേസ അറാഫിക്കാണ് ചുമതല.
അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ നിയമപ്രകാരം ഭരിക്കാന്‍ കഴിയുന്ന മൂന്നംഗ താത്കാലിക കൗണ്‍സില്‍ അംഗമായാണ് അറാഫിയെ നിയമിച്ചിരിക്കുന്നത്.
പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഘോലം ഹൈസെന്‍ മൊഹ്സെനി എജെയ്യുമാണ് കൗണ്‍സിലിലെ മറ്റു രണ്ട് അംഗങ്ങള്‍.
ഇന്നലെ (ശനി) ഇറാനിലുടനീളം നടന്ന ആക്രമണങ്ങള്‍ക്കിടെയാണ് ഖാംനഇ കൊല്ലപ്പെട്ടത്. ഖാംനഇയുടെ ഓഫീസിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്.
പിന്നീടുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ വസതി പൂര്‍ണമായും തകര്‍ന്നിരുന്നു. നിലവില്‍ ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
ഇന്ന് (ഞായര്‍) രാവിലെയാണ് ഇറാന്‍ ഖാംനഇയുടെ മരണം സ്ഥിരീകരിച്ചത്. ഖാംനഇയുടെ മരണത്തെ തുടര്‍ന്ന് ഇറാന്‍ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. പരമോന്നത നേതാവിന്റെ മരണത്തില്‍ പകരം വീട്ടുമെന്നാണ് ഇറാന്റെ നിലപാട്.
നിലവില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ ഖാംനഇയെ കൂടാതെ ഒന്നിലധികം ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസിര്‍സദെയും ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പക്പൂരും ഇറാന്‍ സായുധ സേന മേധാവി അബ്ദുള്‍ റഹിം മൗസവിയുമാണ് കൊല്ലപ്പെട്ട മറ്റു പ്രധാന ഉദ്യോഗസ്ഥര്‍.
Content Highlight: Iran names Ayatollah Arafi as interim successor to Khamenei