ബെയ്റൂട്ട്: ആഭ്യന്തരകാര്യങ്ങളിൽ ഇറാൻ ഇടപെടെരുതെന്നും രാജ്യത്തിന്റെ തെക്കൻ മേഖലയിൽ നിന്നും ഇസ്രഈൽ പിന്മാറണമെന്നും ആവശ്യപ്പെട്ട് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ.
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് വെല്ലുവിളികളാണ് ലെബനൻ നേരിടുന്നതെന്നും ഈ തടസങ്ങൾ കാരണം ലെബനന് പൂർണമായി സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലെബനന്റെ 83-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ രണ്ട് അടിസ്ഥാനകാരണങ്ങൾ കാരണം ലെബനന് പൂർണമായി സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയുന്നില്ല. ലെബനനിൽ നിന്നും ഇസ്രഈൽ പിന്മാറുക, ആക്രമണങ്ങൾ നിർത്തുക, ഞങ്ങളുടെ തടവുകാരെ തിരികെ നൽകുക,’ ലെബനൻ പ്രസിഡന്റ് പറഞ്ഞു.
രാജ്യത്തെ എല്ലാ ആയുധങ്ങളും സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനായുള്ള പദ്ധതിയുമായി തങ്ങൾ മുന്നോട്ട് പോകുമെന്ന് ജോസഫ് ഔൺ കൂട്ടിച്ചേർത്തു.
‘വിദേശ ശക്തികളിൽ നിന്നും ഉത്തരവ് സ്വീകരിച്ച് പ്രവർത്തിക്കുന്ന ഒരു ആയുധവും രാജ്യത്ത് ഉണ്ടാകില്ല. അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കില്ല. നിങ്ങൾ ആയുധങ്ങൾ താഴെ വെക്കണം,’ അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷം ജൂണിൽ ലെബനനും ഇസ്രഈലും കരാറിൽ ഒപ്പുവെച്ചിരുന്നു. ഹിസ്ബുള്ളയെ നിരായുധീകരിക്കുക, തെക്കൻ ലെബനൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രഈൽ ഘട്ടം ഘട്ടമായി പിന്മാറുക, മേഖലയിൽ ലെബനൻ സൈന്യത്തെ വിന്യസിക്കുക എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകൾ.
Content Highlight: Iran must not interfere in internal affairs; Israel must withdraw from the southern region: Lebanon