| Monday, 8th June 2026, 7:04 am

ലെബനനിലെ ആക്രമണത്തിന് മറുപടി, ഇസ്രഈലിന് നേരെ ഇറാന്റെ മിസൈല്‍ വര്‍ഷം; പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമാകുന്നു

ആദര്‍ശ് എം.കെ.

ടെഹ്റാന്‍: ഏപ്രില്‍ മാസത്തിലെ വെടിനിര്‍ത്തലിന് ശേഷം ആദ്യമായി ഇസ്രഈലിന് നേരെ നേരിട്ട് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് തങ്ങള്‍ ഈ നടപടി സ്വീകരിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി.

ഞായറാഴ്ച നടന്ന ഈ സൈനിക നീക്കം പശ്ചിമേഷ്യന്‍ മേഖലയില്‍ വലിയ യുദ്ധഭീതിക്കും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

ഇസ്രഈലിനെ ലക്ഷ്യമിട്ട് ഏകദേശം 11 ബാലസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. കുറഞ്ഞത് മൂന്ന് ഘട്ടങ്ങളിലായാണ് ആക്രമണം ഉണ്ടായത്.

എന്നാല്‍ ഇതില്‍ പത്ത് ബാലസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി ഇസ്രഈല്‍ അവകാശപ്പെട്ടു.

ആക്രമണത്തെത്തുടര്‍ന്ന് ഇസ്രഈലിലെ ഹൈഫ, ഖൈസറിയ, ഹദേര തുടങ്ങിയ പ്രമുഖ മേഖലകളില്‍ അപായ സൈറണുകള്‍ മുഴങ്ങുകയും, താമസക്കാരോട് ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു.

മിസൈല്‍ ആക്രമണത്തില്‍ നേരിട്ട് ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇസ്രഈലിന്റെ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. എങ്കിലും, സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറുന്നതിനിടെ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇസ്രാഈലിന്റെ ‘റാമത്ത് ഡേവിഡ് എയര്‍ബേസിനെ’ (Ramat David Airbase) ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) പറഞ്ഞു.

അതേസമയം, ഇറാന്റെ നടപടി വലിയൊരു തെറ്റാണെന്നും ഇതിന് ശക്തമായ ഭാഷയില്‍ തന്നെ തിരിച്ചടി നല്‍കുമെന്നും ഇസ്രഈല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരെ തിരിച്ചടിക്കാനുള്ള സൈനിക പദ്ധതികള്‍ക്ക് ഇസ്രഈല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ ഉടന്‍ തന്നെ അനുമതി നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇസ്രഈല്‍ തിരിച്ചടിക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഇറാനുമായി ഒരു സമാധാന കരാറിലേക്ക് തങ്ങള്‍ അടുക്കുകയാണെന്നും, ഈ സാഹചര്യത്തില്‍ വീണ്ടുമൊരു സംഘര്‍ഷം ആ ചര്‍ച്ചകളെ ദോഷകരമായി ബാധിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇസ്രഈലും ഇറാനും ഇതിനകം പരസ്പരം ആക്രമിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി മേലില്‍ ഒരു സൈനിക നീക്കം ആവശ്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്.

സംഘര്‍ഷം കടുത്തതോടെ ഇറാന്റെ പടിഞ്ഞാറന്‍ വ്യോമപാതയും ഇറാഖ്, സിറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളുടെ വ്യോമപാതകളും പൂര്‍ണമായി അടച്ചു. ടെഹ്റാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇസ്രഈല്‍ ഗസയിലേക്കുള്ള കെറെം ഷാലോം, റഫ അതിര്‍ത്തികള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്. ഇസ്രഈല്‍ വീണ്ടും ആക്രമണം തുടര്‍ന്നാല്‍ തങ്ങളുടെ തിരിച്ചടി ഇതിലും ശക്തമാകുമെന്നും, മേഖലയിലെ അമേരിക്കന്‍ ലക്ഷ്യങ്ങള്‍ വരെ ആക്രമിക്കപ്പെട്ടേക്കാമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Iran launched its first direct missile attack on Israel since the ceasefire in April.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more