ടെഹ്‌റാന്‍: ഇറാന്‍ സമ്പൂര്‍ണ യുദ്ധത്തിലാണെന്നും പ്രതിസന്ധികളെ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍. ഐ.ആര്‍.എന്‍.എ സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച പുതിയ കടുത്ത ഉപരോധങ്ങള്‍ ഇറാന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന സാഹചര്യത്തിലാണ് പെസെസ്‌കിയാന്റെ പ്രസ്താവന പുറത്തുവന്നത്.
അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്കിടയിലും ഇറാന്‍ പിടിച്ചുനില്‍ക്കുകയാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സമ്പത്ത് വ്യവസ്ഥയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാറിന് ലജ്ജയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ നമ്മള്‍ സമ്പദ്‌വ്യവസ്ഥ, സൈനിക രംഗം, സുരക്ഷാ മേഖല എന്നിവയിലുടനീളം ഒരു സമ്പൂര്‍ണ യുദ്ധത്തിലാണ്. ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വളരെ നിസാരമായി പറയുന്നു,’ പെസെസ്‌കിയാന്‍ പറഞ്ഞു.
തുല്യതയില്ലാത്ത ഒരു യുദ്ധമെന്ന് ട്രംപ് വിശേഷിപ്പിച്ച സാഹചര്യത്തില്‍ പോലും ഇറാന്‍ ഉറച്ചു നില്‍ക്കുകയും ഇറാന്‍ ജനതയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ ഇറാന്‍ തകരുമെന്ന് ശത്രുക്കള്‍ വിലയിരുത്തി എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നുമാത്രമല്ല, പ്രതിരോധം, ഐക്യദാര്‍ഢ്യം, ഒത്തൊരുമ എന്നിവയിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു ശക്തിയായി ഇറാന് വളരാന്‍ കഴിഞ്ഞിട്ടുണ്ട്,’ പെസെസ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.
ഭിന്നതയും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ഇറാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചുകൊണ്ട് ധാരണാപത്രം ഒപ്പുവെക്കുകയും അന്തിമ കരാറിലേക്കുള്ള ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ധാരണപത്രം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വന്നതോടെ ചര്‍ച്ചകളെല്ലാം സ്തംഭിക്കുകയായിരുന്നു.
Content Highlights: Iran is holding its ground even amidst what Trump has described as an unequal war: Pezeshkian.