| Sunday, 22nd November 2026, 7:18 am

മിസൈൽ ആക്രമണത്തേക്കാൾ കടുത്ത സാമ്പത്തിക യുദ്ധമാണ് ഇറാൻ നേരിടുന്നത്: മസൂദ് പെസസ്‌കിയാൻ

ശ്രീലക്ഷ്മി പി.പി

ടെഹ്‌റാൻ: മിസൈലുകൾ വിക്ഷേപിക്കുന്ന യുദ്ധത്തേക്കാൾ കഠിനമായ നിശബ്ദ സാമ്പത്തിക യുദ്ധമാണ് ഇറാൻ ഇപ്പോൾ നേരിടുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. ശനിയാഴ്ച നിക്ഷേപകരുടെയും ഉത്പ്പാദകരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മിസൈലുകൾ വിക്ഷേപിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്ന ഒരു യുദ്ധത്തേക്കാൾ വളരെ ബുദ്ധിമുട്ടുള്ള നിശബ്ദ യുദ്ധത്തിലാണ് ഞങ്ങൾ. സാമ്പത്തിക പ്രവർത്തകരായ നിങ്ങൾ നേരിടുന്നത് ഒരു സാമ്പത്തിക യുദ്ധമാണ്, അത് വളരെ എളുപ്പമുള്ള ഒരു യുദ്ധമല്ലായെന്ന്’ പെസസ്‌കിയാൻ വ്യക്തമാക്കിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ തകർക്കാൻ ചിലർ ഭീഷണിയും അക്രമവും നടത്തിയെന്ന് അദ്ദേഹം വിമർശിച്ചു. അതേസമയം, സാമ്പത്തിക പ്രതിസന്ധികളും വിപണിയിൽ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടും ഉത്പ്പാദനം തുടരുന്ന രാജ്യത്തെ വ്യാപാരികളെയും സംരംഭകരെയും അദ്ദേഹം പ്രശംസിച്ചു.

വരുന്ന ശൈത്യകാലത്ത് രാജ്യത്ത് വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാൻ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും പെസസ്‌കിയാന്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഇസ്രഈലിനെയും അറബ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെയും ആക്രമിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം.

തുടർന്ന് ജൂണിൽ ഇറാനും അമേരിക്കയും ഒരു കരാറിൽ ഒപ്പുവെക്കുകയും സമാധാന ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ചർച്ചകൾ പിന്നീട് നിലയ്ക്കുന്ന സ്ഥിതിയാണുണ്ടായത്.

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും ജൂലൈ മുതൽ ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം ഇടയ്ക്കിടെ രൂക്ഷമാകുന്നുണ്ട്.

Content Highlight:Iran is facing an economic war that is more severe than a missile attack: Masoud Pezeshkian.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more