ടെഹ്റാന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ ആഗോളതലത്തില്‍ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച ഉപരോധ ഇളവുകളെ തള്ളി ഇറാന്‍.
അന്താരാഷ്ട്ര ജലാശയങ്ങളില്‍ ഇറാന്‍ എണ്ണ സംഭരിച്ചിട്ടില്ലെന്നും വിപണിയിലെത്തിക്കാന്‍ മിച്ചമുള്ള അസംസ്‌കൃത എണ്ണ തങ്ങളുടെ കൈവശമില്ലെന്നും ഇറാന്‍ പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. വിപണിയിലെ വികാരത്തെ സ്വാധീനിക്കാനും വില കുറയ്ക്കാനും അമേരിക്ക നടത്തുന്ന തന്ത്രപരമായ നീക്കമാണ് ഇതെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
‘ഇറാന്റെ കൈവശം നിലവില്‍ അസംസ്‌കൃത എണ്ണ അവശേഷിക്കുന്നില്ല, മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് നല്‍കാനായുള്ള എണ്ണ മിച്ചവുമില്ല,’ മന്ത്രാലയ വക്താവ് സമന്‍ ഘോഡൗസി പറഞ്ഞു.
യു.എസ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ എണ്ണ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലെ വിപണി വികാരത്തെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതോടെയാണ് ട്രംപ് ഭരണകൂടം താല്‍ക്കാലികമായി ഇറാനെതിരായ ഉപരോധങ്ങള്‍ ലഘൂകരിച്ചത്.
കടലില്‍ കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്ന ഇറാനിയന്‍ എണ്ണ വില്‍ക്കാന്‍ 30 ദിവസത്തെ അനുമതിയാണ് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രഖ്യാപിച്ചത്. 2026 മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 19 വരെയാണ് ഇറാന് ഇളവ് നല്‍കിയത്. ഏകദേശം 140 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലെത്തിച്ച് വിതരണത്തിലുള്ള കുറവ് പരിഹരിക്കുകയാണ് ഇതിലൂടെ അമേരിക്കയുടെ ലക്ഷ്യം.
നിലവില്‍ ചൈന കുറഞ്ഞ വിലയ്ക്ക് പൂഴ്ത്തിവെച്ചിരിക്കുന്ന ഈ എണ്ണ ‘അണ്‍ലോക്ക്’ ചെയ്യുന്നതിലൂടെ ആഗോള ഊര്‍ജ്ജ വിപണിയെ സ്ഥിരപ്പെടുത്താമെന്ന് ബെസെന്റ് പറഞ്ഞു.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയില്‍ ഇന്ധനവില കുറയ്ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
എന്നാല്‍ അമേരിക്കയുടെ ഈ നീക്കം തള്ളി ഇറാന്‍ രംഗത്തെത്തുകയായിരുന്നു. അമേരിക്കയുടെ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഇറാന്‍ പെട്രോളിയ മന്ത്രാലയ വക്താവ് സമന്‍ ഘോഡൗസി പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണയെത്തിക്കാനുള്ള മിച്ചമൊന്നും നിലവില്‍ ഇറാന്റെ കൈവശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും ഇതേ കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്.
‘വാങ്ങുന്നവരെ ആശ്വസിപ്പിക്കാനും വിപണി നിയന്ത്രിക്കാനുമാണ് യു.എസ് സെക്രട്ടറി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. അന്താരാഷ്ട്ര ജലാശയങ്ങളില്‍ ഇറാന്റേതായി എണ്ണ സംഭരിച്ചിട്ടില്ല,’ മന്ത്രാലയം പറഞ്ഞു.
പുതിയ വാങ്ങലുകള്‍ക്കോ ഉല്‍പ്പാദനത്തിനോ അനുമതിയില്ലെന്നും ഇതിനകം ഗതാഗതത്തിലുള്ള എണ്ണയ്ക്ക് മാത്രമേ ഇളവ് ബാധകമാകൂ എന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം.
യു.എസ് ട്രഷറി വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ലൈസന്‍സ് പ്രകാരം, വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 19 വരെ കപ്പലുകളില്‍ കയറ്റുന്ന ഇറാനിയന്‍ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ അനുവദിക്കുന്ന ലൈസന്‍സാണ് അനുവദിച്ചത്.
റഷ്യന്‍ എണ്ണയുടെ മേലുള്ള ഉപരോധങ്ങള്‍ നേരത്തെ യു.എസ് ലഘൂകരിച്ചിരുന്നു.
അതേസമയം ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ച നടപടി ഇറാന്‍ തുടരുകയാണ്. എന്നാല്‍ യു.എസിനും സഖ്യകക്ഷികള്‍ക്കുമൊഴികെയുള്ളവര്‍ക്ക് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്.
Content Highlight: Iran has no oil on international waters; US claim intended to lower prices: Oil Ministry