| Wednesday, 4th March 2026, 4:04 pm

ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണനിയന്ത്രണം ഇറാന്റെ കയ്യില്‍; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഐ.ആര്‍.ജി.സി

അനിത സി

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണനിയന്ത്രണം ഇപ്പോഴും ഇറാന്റ കയ്യിലാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐ.ആര്‍.ജി.സി).

‘നിലവില്‍ ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ നാവികസേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്,’ ഐ.ആര്‍.ജി.സി നാവിക ഉദ്യോഗസ്ഥന്‍ മുഹമ്മദ് അക്ബര്‍ സാദെ പറഞ്ഞതായി ബുധനാഴ്ച ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസിലൂടെ കപ്പലുകളെ കടത്തിവിടുന്നതിനായി സഹായങ്ങള്‍ നല്‍കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളെ തള്ളിയാണ് ഐ.ആര്‍.ജി.സിയുടെ പ്രസ്താവന.

ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പലിനേയും കടത്തിവിടില്ലെന്നും അനുമതിയില്ലാതെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഐ.ആര്‍.ജി.സി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസിലേക്ക് ഒരു തുള്ളി എണ്ണ ഹൊര്‍മുസിലൂടെ കടന്നുപോകില്ലെന്ന് ഐ.ആര്‍.ജി.സി പറഞ്ഞിരുന്നു.

ഇറാനെതിരെ അമേരിക്കയും ഇസ്രഈലും ആക്രമണം ശക്തമാക്കിയതോടെയാണ് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടത്.

ഇതിനിടെ എണ്ണ കപ്പലുകള്‍ക്ക് ആവശ്യമെങ്കില്‍ അകമ്പടി സഹായം നല്‍കുമെന്നും ഹോര്‍മുസ് കടന്ന് പോകാന്‍ യു.എസ് നാവിക സേനയെ വിന്യസിക്കുമെന്നും ട്രംപും പറഞ്ഞിരുന്നു.

ഇതിനിടെ അബുദാബിയിലേക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു എണ്ണ കപ്പല്‍ കടന്നുപോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി. സിഗ്നലുകല്‍ ഓഫ് ചെയ്ത് കപ്പല്‍ ഹോര്‍മുസ് പാത കടക്കുകയായിരുന്നെന്നാണ് വിവരം.

ലോകത്തിലെ ആകെ വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടിക്കിലൂടെയാണ്. അറബിക്കടലിലൂടെ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന എണ്ണ വിതരണം ചെയ്യുന്നത് പ്രധാനമായും ഇടുങ്ങിയ ഈ ജലപാതയിലൂടെയാണ്.

കടലിടുക്ക് വഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ 38 ഇന്ത്യന്‍ കപ്പലുകളടക്കം വിവിധ രാജ്യങ്ങളിലെ നിരവധി ചരക്ക് കപ്പലുകള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ആയിരത്തിലേറെ നാവികര്‍ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Iran has full control of the Strait of Hormuz; IRGC rejects Trump’s warning

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more