| Wednesday, 25th March 2026, 10:32 pm

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകള്‍; യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ല: ഇറാന്‍

ആദര്‍ശ് എം.കെ.

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം തള്ളിയതായി ഇറാന്‍. പ്രസ് ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇറാന്റെ മുതിര്‍ന്ന രാഷ്ട്രീയ-സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്.

അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് ഇറാന് മേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച അമേരിക്കയുടെ നിര്‍ദേശങ്ങള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നും, തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും ഇറാന്‍ വ്യക്തമാക്കി.

‘യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തീരുമാനിക്കുമ്പോള്‍, തങ്ങളുടെ വ്യവസ്ഥകള്‍ പാലിക്കപ്പെടുമ്പോള്‍ യുദ്ധം അവസാനിക്കും,’ അദ്ദേഹം പറഞ്ഞു.

ഒരു പ്രാദേശിക മധ്യസ്ഥന്‍ വഴിയാണ് അമേരിക്ക ഈ നിര്‍ദേശം കൈമാറിയത്.

അഞ്ച് പ്രധാന നിര്‍ദേശങ്ങളാണ് യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

• ശത്രുപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാത്തരം സൈനിക ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും പൂര്‍ണമായും അവസാനിപ്പിക്കണം.

• ഇസ്‌ലാമിക് റിപ്പബ്ലിക്കിന് മേല്‍ വീണ്ടും ഇത്തരമൊരു യുദ്ധം അടിച്ചേല്‍പ്പിക്കില്ലെന്ന് ഉറപ്പുവരുത്തണം. അതിനായി കൃത്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

• യുദ്ധത്തിലൂടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഗ്യാരണ്ടിയോടുകൂടിയും കൃത്യമായി നിര്‍വചിക്കപ്പെട്ടതുമായ നഷ്ടപരിഹാരം നല്‍കണം.

• മേഖലയിലെ എല്ലാ റെസിസ്റ്റന്‍സ് ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ പോര്‍മുഖങ്ങളിലും യുദ്ധം അവസാനിപ്പിക്കണം.

• ഹോര്‍മുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ സ്വാഭാവികവും നിയമപരവുമായ പരമാധികാരം അംഗീകരിക്കണം. മറ്റ് കരാറുകള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഗ്യാരണ്ടി കൂടിയായിരിക്കും ഇത് – എന്നിവയാണ് ഇറാന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍.

ഇറാന്റെ ഈ നിബന്ധനകള്‍ അംഗീകരിക്കാതെ യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ലെന്നും, ഇറാന്റെ സ്വന്തം സമയക്രമത്തിനനുസരിച്ചായിരിക്കും ആ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഈ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ 1,300ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇതിന് മറുപടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണം ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്ക-ഇസ്രഈല്‍ കേന്ദ്രങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് പ്രതിരോധത്തിന്റെ പുതിയ തലങ്ങള്‍ ഇറാന്‍ തുറന്നതോടെ ലോകമെമ്പാടുമുള്ള ചരക്കുനീക്കങ്ങളും പ്രതിസന്ധിയിലായി.

Content Highlight: Iran has five conditions to end the war

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more