| Tuesday, 14th July 2026, 10:04 pm

മൊസാദുമായി തനിക്ക് ബന്ധമില്ല: ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത അസംബന്ധമെന്ന് അഹമ്മദി നെജാദ്

റെന്വര്‍ പി

ടെഹ്‌റാന്‍: ഇസ്രഈലി ചാര സംഘടന മൊസാദുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ മുന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്. ന്യൂയോര്‍ക്ക് ടൈംസില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് നെജാദിന് മൊസാദ് ബന്ധമുള്ളതായി ആരോപിക്കുന്നത്.

നെജാദിനെ തങ്ങളുടെ ചാരനാക്കി മാറ്റാനും നിലവിലെ ഇറാനിലെ ഭരണം അട്ടിമറിച്ച് അദ്ദേഹത്തെ പുതിയ ഭരണാധികാരായായി അവരോധിക്കാനും ഇസ്രഈല്‍ ശ്രമം നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നെജാദ് വീട്ടു തടങ്കലിലാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഫെബ്രുവരിയില്‍ ഇറാനില്‍ അദ്യത്തെ യു.എസ്- ഇസ്രഈല്‍ ആക്രമണം നടക്കുന്ന ദിവസം നെജാദിന്റെ വീട്ടില്‍ കാവല്‍ നിന്നവരെ ആക്രമിച്ച് അദ്ദേഹത്തെ തടങ്കലില്‍ നിന്ന് ഇസ്രഈല്‍ പുറത്തു കടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ ഒരു അവകാശ വാദം. മോസാദ് മേധാവി ഡേവിഡ് ബാര്‍ണിയയുമായി ഹംഗറിയില്‍ നെജാദ് കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെജാദ് ഇപ്പോള്‍ എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ മാസ്‌ക് ധരിച്ച് നെജാദ് പങ്കെടുത്തിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു.

മൊസാദുമായുള്ള ബന്ധം കാരണം നിലവില്‍ അഹമ്മദി നെജാദ് ഐ.ആര്‍.ജി.സി കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ദ ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ടില്‍ പറയുന്നതെല്ലാം തെറ്റാണെന്ന് നെജാദിന്റെ ഓഫീസ് പ്രതികരിച്ചു. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിവ. നെജാദ് വീട്ടുതടങ്കലില്‍ അല്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം വ്യാജ വാര്‍ത്തകള്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയും രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുമാണ്. ന്യൂയോര്‍ക്ക് ടൈംസിലെ ആരോപണങ്ങള്‍ തെറ്റാണ്. അവ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അസംബന്ധമാണെന്നും നെജാദിന്റെ ഓഫീസ് അഭിപ്രായപ്പെട്ടു.

Content Highlight: Iran Former PM Nejad’s Office Reportedly Denies Allegations of Mossad Link on New York times Report

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more