| Monday, 26th January 2026, 4:54 pm

ഭീകരതയെ പിന്തുണയ്ക്കുന്നു; യു.എസിനും ഇസ്രഈലിനുമെതിരെ അന്താരാഷ്ട്ര ഫോറങ്ങളിൽ കേസ് ഫയൽ ചെയ്ത് ഇറാൻ

ശ്രീലക്ഷ്മി എ.വി.

ടെഹ്‌റാൻ: രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും അട്ടിമറി നടപടികൾക്കും പിന്തുണയും ധനസഹായവും നൽകുന്നതിന് അമേരിക്കയ്ക്കും ഇസ്രഈലിനുമെതിരെ അന്താരാഷ്ട്ര വേദികളിൽ കേസ് ഫയൽ ചെയ്‌തെന്ന് ഇറാൻ.

ഇറാനിൽ നടക്കുന്ന അക്രമ കലാപങ്ങൾക്ക് പിന്നിലെ പ്രധാന ഏജന്റുമാരാണ് യു.എസും ഇസ്രാഈലുമെന്നും ഇറാൻ പറഞ്ഞു.

ഇറാന്റെ സുരക്ഷാ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കും അട്ടിമറി പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിൽ അമേരിക്കയും ഇസ്രഈലും പങ്കാളികളാണെന്നും ഇറാൻ ആരോപിച്ചു.

സമാധാനപരമായി രാജ്യത്ത് നടന്ന പ്രതിഷേധങ്ങൾ വിദേശ പ്രേരണയാൽ കലാപങ്ങളിലേക്ക് നീങ്ങുകയും സംഘര്ഷഭരിതമാവുകയും ചെയ്‌തെന്നും ഇറാൻ പറഞ്ഞു.

ഇസ്രഈൽ ഭരണകൂടവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരസ്യമായി പ്രോത്സാഹിപ്പിച്ച അക്രമത്തിൽ പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് വ്യാപകമായ നഷ്ട്ടമുണ്ടായെന്നും സ്ത്രീകൾ കുട്ടികൾ ഉൾപ്പെടെ ആയിരകണക്കിന് സാധാരണക്കാരടക്കം കൊല്ലപ്പെട്ടെന്നും ഇറാൻ വ്യക്തമാക്കി.

കലാപകാരികൾക്കും തെരുവുകളിൽ പ്രവർത്തിക്കുന്ന സായുധ ഭീകരർക്കും ഇരു രാജ്യങ്ങളും ധനസഹായവും പരിശീലനവും, മാധ്യമ പിന്തുണയും നൽകിക്കൊണ്ട് ചാര ഏജൻസികൾ നേരിട്ട് പങ്കാളികളായെന്നും ഇറാനിയൻ അധികൃതർ ചൂണ്ടിക്കാട്ടി.

‘സമീപകാലത്ത് ഇറാനിൽ നടന്ന അക്രമ കലാപങ്ങൾക്ക് പിന്നിലെ പ്രധാന ഏജന്റുമാർ യു.എസും ഇസ്രായേലുമാണ്. സംഭവത്തിൽ പ്രത്യക്ഷവും പരസ്യവുമായ പങ്ക് ഇരു രാജ്യങ്ങളും വഹിച്ചിട്ടുണ്ട്,’ ഇറാന്റെ നീതിന്യായ വകുപ്പ് മേധാവി ഘോലം ഹൊസൈൻ മൊഹ്‌സെനി എജെയ് പറഞ്ഞു.

തെരുവുകളിലും പൊതുസ്ഥലങ്ങളിലും ആക്രമണം നടത്തി, ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത വ്യക്തികൾ, അമേരിക്കയുടെയും ഇസ്രഈലിന്റെയും ഗൂഢാലോചനകൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച കുറ്റവാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷാ സേനയെയും സാധാരണക്കാരെയും കൊലപ്പെടുത്തിയവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാപത്തിന്റെ ആസൂത്രകർ, പ്രകോപനക്കാർ, കുറ്റവാളികൾ എന്നിവരെ നിയമപരമായി ശിക്ഷിക്കുമെന്നും പൊതു സ്വകാര്യ സ്വത്തുക്കൾക്ക് വരുത്തിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ ജുഡീഷ്യറി മേധാവി പറഞ്ഞു.

Content Highlight: Iran files lawsuit against US, Israel in international forums for supporting terrorism

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more