| Tuesday, 29th September 2026, 10:55 pm

ഖത്തര്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ 'അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍': ഇറാന്‍ വിദേശകാര്യ വക്താവ്

റെന്വര്‍ പി

ടെഹ്‌റാന്‍: യു.എസ്-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മധ്യസ്ഥരായ ഖത്തറുമായി നടത്തിയ ചര്‍ച്ചകളുടെ ഉള്ളടക്കത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബാഗെയി. ഇത്തരം വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഖത്തര്‍ പ്രതിനിധി സംഘവുമായി തിങ്കളാഴ്ച ഉച്ചക്ക് ഒരു കൂടിക്കാഴ്ച നടന്നതായി ബാഘെയി പറഞ്ഞു. ഈ കൂടിക്കാഴ്ചയില്‍ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തും ഖത്തര്‍ മധ്യസ്ഥന്റെ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും ആരാഞ്ഞുവെന്നും ബാഗെയി പറഞ്ഞു.

ഖത്തര്‍ മധ്യസ്ഥനെ തങ്ങളുടെ നിരീക്ഷണങ്ങള്‍ അറിയിച്ചു. നയതന്ത്ര വിഷയങ്ങളില്‍ ഇറാന്‍ സ്വീകരിക്കുന്ന സ്ഥിരമായ നിലപാട് വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതായി അവകാശപ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കേവലം ഊഹാപോഹങ്ങള്‍ മാത്രമാണ്. വിഷയങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് ചര്‍ച്ചയൊന്നും നടന്നിട്ടില്ല. ഇക്കാര്യത്തിലുള്ള എല്ലാ മാധ്യമ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

യു.എസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യു.എന്‍ പൊതു സഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും മധ്യസ്ഥര്‍ വഴി ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ച ചെയ്യാതെ മധ്യസ്ഥരായ ഖത്തറിന്റെയും പാകിസ്ഥാന്റെയും പ്രതിനിധികളുമായിട്ടായിരുന്നു ചര്‍ച്ച നടത്തിയത്.

ഈ ചര്‍ച്ചകളെക്കുറിച്ച് യു.എസ് മാധ്യമങ്ങള്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാഗെയിയുടെ പ്രതികരണം.

യു.എസ് പക്ഷവുമായുള്ള ഏതൊരു ആശയവിനിമയവും നേരിട്ടുള്ള ചര്‍ച്ചകളായല്ല, മറിച്ച് മധ്യസ്ഥര്‍ വഴിയാണ് നടന്നതെന്ന് ഇറാനിയന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ കര്‍ശന നിലപാടുകളില്‍ ചര്‍ച്ചയില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

ഖത്തറിന്റെ മധ്യസ്ഥതയിലാണ് യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ യു.എസുമായുള്ള ആശയവിനിമയം നടന്നതെന്ന് ബാഗെയി നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ നിബന്ധനകള്‍ വ്യക്തമായി അറിയിക്കാന്‍ ആ കൂടിക്കാഴ്ച ഉപയോഗിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യു.എസിന് മുന്നില്‍ വെച്ച തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന് അടുത്തിടെ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, അമേരിക്കയുടെ ആക്രമണോത്സുകമായ നടപടികള്‍ നിര്‍ത്തിവെക്കുക എന്നിവയടങ്ങുന്ന നിബന്ധനകളായിരുന്നു ഇറാന്‍ മുന്നോട്ടുവെച്ചത്.

നാവിക ഉപരോധവും സാമ്പത്തിക യുദ്ധവും പിന്‍വലിക്കുക, മരവിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്ത ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, ഹോര്‍മുസ് കടലിടുക്കില്‍ ഇരു തീരദേശ രാജ്യങ്ങളും തമ്മില്‍ ധാരണയായ സുരക്ഷിത കപ്പല്‍ ഗതാഗത സംവിധാനം അംഗീകരിക്കുക എന്നീ നിബന്ധനകളും ഇറാന്‍ മുന്നോട്ട് വെക്കുന്നു.

Content Highlight: Iran External Affairs Ministry Spoke Person on Reports About Talks with Qatar

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more