ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കുടുംബവീട് തകര്‍ത്ത് ഇറാന്‍. നെതന്യാഹുവിന്റെ സിസേറിയയിലെ കുടുംബ വസതിക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.
ആക്രമണത്തെ തുടർന്നുള്ള ദൃശ്യങ്ങൾ ഇറാനിലെ ഏതാനും പ്രാദേശിക മാധ്യമങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തിവിട്ടു.
തുടര്‍ച്ചയായ നാലാം ദിവസവും ഇറാനും ഇസ്രഈലും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. ഇസ്രഈലിനെതിരായ ആക്രമണത്തില്‍ ഹദേരയിലെ ഒരു പവര്‍ സ്റ്റേഷനും ഇറാന്‍ തകര്‍ത്തതായി ഇസ്രഈലി മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മധ്യ ഇസ്രഈലിലെ പ്രാദേശിക വൈദ്യുതി ഗ്രിഡിന് ഇറാന്‍ കേടുപാടുകള്‍ വരുത്തിയതായി ഇസ്രഈല്‍ ഇലക്ട്രിക് കോര്‍പ്പറേഷന്‍ അറിയിച്ചു. പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഇലക്ട്രിക് കോര്‍പ്പറേഷന്‍ പ്രതികരിച്ചു.
ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെ ഇസ്രഈലികള്‍ വ്യാപകമായി നാടുവിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ വലിയ രീതിയിലുള്ള തിരക്കുണ്ടെന്നും ഇന്ധനത്തിന്റെ ലഭ്യത കുറവുണ്ടെന്നും റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലിലേക്ക് ഇറാന്‍ 100ലധികം ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതായും അവയെ തടഞ്ഞതായും ഐ.ഡി.എഫ് പറഞ്ഞു. ടെല്‍ അവീവ്, ഹൈഫ എന്നിവിടങ്ങളിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടവും രേഖപ്പെടുത്തി.
അതേസമയം ഇറാനിലെ ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ ഇപ്പോള്‍ ആക്രമണം നടത്തുന്നത്. ഇതിലൂടെ ഇറാനെ സായുധരാക്കുക എന്നതാണ് ഇസ്രഈലിന്റെ ലക്ഷ്യം. ഇന്നലെ (ഞായര്‍) ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്ന ഇറാനികളോട് ഒഴിഞ്ഞുമാറാന്‍ ഇസ്രഈല്‍ ആവശ്യപ്പെട്ടിരുന്നു.
പ്രധാനപ്പെട്ട സൈനിക, ശാസ്ത്ര കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്ന ഇസ്രഈലികള്‍ക്കും ഇറാന്‍ സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, ഇറാനിയന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരി, ഐ.ആര്‍.ജി.സി കമാന്‍ഡര്‍-ഇന്‍-ചീഫ് ഹൊസൈന്‍ സലാമി, ഐ.ആര്‍.ജി.സി എയ്റോസ്പേസ് ഡിവിഷന്‍ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ, സീനിയര്‍ ഐ.ആര്‍.ജി.സി കമാന്‍ഡര്‍ ജനറല്‍ ഗോലം അലി റാഷിദ്, ഐ.ആര്‍.ജി.സിയുടെ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമി എന്നിവര്‍ അടക്കം 200ലധികം ആളുകള്‍ ഇറാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഫലസ്തീനില്‍ ഇസ്രഈല്‍ സൈറണ്‍ മുഴക്കുന്നത് ശക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ ബഹുമുഖ യുദ്ധത്തിലാണെന്നും ഐ.ഡി.എഫ് ഫലസ്തീനും ഹമാസിനും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
Content Highlight: Iran destroys Netanyahu’s family home in missile attack