| Monday, 10th August 2026, 10:43 am

ഉപരോധം നീക്കണമെന്ന് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് ചര്‍ച്ചകള്‍ക്കിടെ ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ആദർശ് എം.കെ.

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ മുന്നോട്ടുവെച്ച പുതിയ കര്‍ശന നിബന്ധനകള്‍ ആഗോള ഊര്‍ജ്ജ വിപണിയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

അമേരിക്കയില്‍ നിന്ന് വലിയ രീതിയിലുള്ള വിട്ടുവീഴ്ചകള്‍ ഉണ്ടാകാതെ തന്ത്രപ്രധാനമായ ഈ ജലപാത തുറക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആഗോള വിപണിയില്‍ എണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ചയാണ് രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ഇറാന് മേലുള്ള ഉപരോധങ്ങള്‍ ലഘൂകരിക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക എന്നിങ്ങനെ രണ്ട് നിബന്ധനകളാണ് ഇറാന്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ ഇറാനും ഒമാനും തമ്മില്‍ ധാരണയിലെത്താന്‍ അടുത്തിരിക്കുകയാണെങ്കിലും, വാഷിങ്ടണ്‍ ഈ നിബന്ധനകള്‍ പാലിക്കാതെ ഇതിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കില്ലെന്ന് അരാഗ്ചി പറഞ്ഞു. കൂടാതെ, അമേരിക്കയുമായി നിലവില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഒന്നുംതന്നെ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 1.09 ശതമാനം വര്‍ധിച്ച് ബാരലിന് 84.43 84.46 ഡോളര്‍ നിലവാരത്തിലെത്തി. യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യൂ.ടി.ഐ) വില 0.84 ശതമാനം ഉയര്‍ന്ന് 78.84 ഡോളറിലെത്തി. യു.എസ്-ഇസ്രഈല്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പുള്ള വിലയേക്കാള്‍ ഏകദേശം 16 ശതമാനം കൂടുതലാണിത്.

ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചത് മുതല്‍ ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ അടഞ്ഞുകിടക്കുകയാണ്.

യുദ്ധത്തിന് മുന്‍പ് പ്രതിദിനം 130 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന സ്ഥാനത്ത് ഓഗസ്റ്റ് ആദ്യ വാരത്തില്‍ വെറും 8 മുതല്‍ 15 വരെ കപ്പലുകള്‍ മാത്രമാണ് ഇതുവഴി സഞ്ചരിച്ചത്.

എണ്ണ വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നുണ്ടെങ്കിലും ഏഷ്യന്‍ ഓഹരി വിപണികളില്‍ മുന്നേറ്റം ദൃശ്യമായി. ജപ്പാനിലെ നിക്കി 225 (Nikkei 225) 1.9 മുതല്‍ 2.1 ശതമാനം വരെയും, ദക്ഷിണ കൊറിയയിലെ കോസ്പി (Kospi) 0.7 ശതമാനവും നേട്ടമുണ്ടാക്കി.

അമേരിക്കയില്‍ തൊഴില്‍ മേഖലയിലെ പുതിയ കണക്കുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളാണ് ഓഹരി വിപണിയെ അനുകൂലമായി സ്വാധീനിച്ചത്.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാറുകള്‍ അസ്ഥിരമാകാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും വിപണിയില്‍ ഈ അപകടസാധ്യതയും വിലക്കയറ്റ ഭീഷണിയും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlight: Iran demands lifting of sanctions; oil prices rise in global markets amidst discussions on the Strait of Hormuz.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more