| Saturday, 10th January 2026, 2:37 pm

ഇറാന്‍ സംഘര്‍ഷം 12ാം ദിവസത്തിലേക്ക്; ധീരരായ ജനങ്ങളെ പിന്തുണക്കുന്നുവെന്ന് മാര്‍ക്കോ റൂബിയോ

രാഗേന്ദു. പി.ആര്‍

ടെഹ്റാന്‍: ഇറാനിലെ ആഭ്യന്തര സംഘര്‍ഷം തുടര്‍ച്ചയായ 12 ദിവസത്തിലേക്ക്. ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും അന്താരാഷ്ട്ര ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചിട്ടും ആയിരക്കണക്കിന് ആളുകളാണ് ഇറാന്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.

തലസ്ഥാന നഗരമായ ടെഹ്റാനിലും മഷ്ഹാദ് പോലുള്ള പ്രധാന നഗരങ്ങളിലുമാണ് പ്രതിഷേധം തുടരുന്നത്. നിലവില്‍ 31 പ്രവിശ്യങ്ങളിലേക്ക് സംഘര്‍ഷം വ്യാപിച്ചതായാണ് വിവരം. സംഘര്‍ഷം രൂക്ഷമായതോടെ ഫ്‌ലൈദുബായ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികള്‍ ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.

പ്രതിഷേധക്കാര്‍ വിദേശ ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആവര്‍ത്തിച്ചു. ഇത്തരം നടപടികളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസവും അദ്ദേഹം സമാനമായി പ്രതികരിച്ചിരുന്നു. മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ സ്വന്തം രാജ്യത്തെ തെരുവുകള്‍ നശിപ്പിക്കുകയാണെന്നാണ് ഖാംനഇ പറഞ്ഞത്.

എന്നാല്‍ പ്രതിഷേധക്കാരെ തൊട്ടാല്‍ വിഷയത്തില്‍ ഇടപെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇറാനിലെ ധീരരായ ജനങ്ങളെ പിന്തുണക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്താല്‍ സൈനിക മുന്നേറ്റമുണ്ടാകുമെന്നും റൂബിയോ അറിയിച്ചു.

ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ പരമാവധി ശിക്ഷ നല്‍കുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി പ്രതികരിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം 65 പേരാണ് ഇറാനിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 2,300 പേരെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും തെരുവുകള്‍ പിടിച്ചെടുക്കണമെന്ന പുറത്താക്കപ്പെട്ട കിരീടാവകാശി പഹ്‌ലവിയുടെ ആഹ്വാനങ്ങളുമാണ് ഇറാനിലെ സംഘര്‍ഷത്തിന് കാരണം. ഇറാനിലെ മരണങ്ങളില്‍ യൂറോപ്യന്‍ നേതാക്കള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്റര്‍നെറ്റ് തടസപ്പെടുത്തികൊണ്ടുള്ള നടപടിയെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു. മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുളള കുറ്റകൃത്യങ്ങളും മറച്ചുവെക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു.

Content Highlight: Iran conflict enters 12th day; Marco Rubio says he supports brave people

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more