| Sunday, 8th March 2026, 12:12 pm

ശുദ്ധജല പ്ലാന്റ് ആക്രമിച്ചതിനാലാണ് ബഹ്‌റിനിലെ യു.എസ് ബേയ്സുക്കൾ ആക്രമിച്ചതെന്ന വിശദീകരണവുമായി ഇറാൻ

യെലന കെ.വി

ടെഹ്റാന്‍: തങ്ങളെ ആക്രമിച്ചില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ പ്രസ്താവനയ്ക്ക് ശേഷവും ബഹ്‌റൈനിലെ യു.എസ് നാവികസേനാ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ വിശദീകരണവുമായി ഇറാൻ.

മുപ്പതോളം ഗ്രാമങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയ ജലശുദ്ധീകരണ പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായാണ് ബഹ്‌റൈനിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി  വ്യക്തമാക്കി.

ബഹ്റൈനിലെ യു.എസ് നാവികസേനാ ആസ്ഥാനത്തിന് നേരെ ശനിയാഴ്ച രാത്രി വൈകി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് മിസൈല്‍ ആക്രമണം നടത്തി. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.

ഇറാന്റെ തെക്കന്‍ മേഖലയിലുള്ള ഖ്വിഷ്ം ദ്വീപിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെ അമേരിക്ക കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

മുപ്പതോളം ഗ്രാമങ്ങളിലെ കുടിവെള്ളം പ്രതിസന്ധിയിലാക്കിയ ഈ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ബഹ്റൈനിലെ ജുഫൈര്‍ മേഖലയിലുള്ള യു.എസ് അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം ആക്രമിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്ക് നേരെയാണ് ഇറാന്റെ തിരിച്ചടി.

സാധാരണക്കാരെ പട്ടിണിക്കിടാന്‍ ശ്രമിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

യു.എ.ഇയിലെ അബുദാബിയിലുള്ള അല്‍ ദാഫ്ര വ്യോമതാവളത്തിന് നേരെയും ഇറാന്‍ നേരത്തെ ആക്രമണം നടത്തിയിരുന്നു.

മാര്‍ച്ച് ഒന്നിന് ഇറാന്റെ മിനാബ് പ്രവിശ്യയിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ അമേരിക്ക മിസൈല്‍ അയച്ചത് ഈ താവളത്തില്‍ നിന്നായിരുന്നു. നൂറ്റമ്പതോളം വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട ആ ക്രൂരതയ്ക്ക് മറുപടിയായാണ് യു.എ.ഇയിലെ യു.എസ് കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചത്.

മേഖലയിലെ അമേരിക്കന്‍ ഭീകരസേനയുടെ സാന്നിധ്യം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്ന് ഇറാന്‍ സൈനിക വക്താക്കള്‍ വ്യക്തമാമാക്കി.

അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ പ്രസിഡന്റ് പെസസ്‌കിയാൻ ഖേദം പ്രകടിപ്പിക്കുകയും നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ തന്നെ ഖത്തർ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾക്കൊപ്പം ബഹ്‌റൈനിലും വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്.

Content Highlight: Iran conducts missile strike on US base after attack on desalination facility

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more