| Saturday, 21st March 2026, 1:07 pm

'ഒരേ തിരക്കഥ, വ്യത്യസ്തകാലഘട്ടം '; വിയറ്റ്നാമിലെ പതനം ഇറാനിലും ആവര്‍ത്തിക്കും; അമേരിക്കയെ പരിഹസിച്ച് അബ്ബാസ് അരാഗ്ചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളെ വിയറ്റ്നാം യുദ്ധകാലത്തെ യു.എസ് പരാജയങ്ങളുമായി താരതമ്യം ചെയ്ത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

വാഷിങ്ടണ്‍ ഔദ്യോഗികമായി പുറത്തുവിടുന്ന അവകാശവാദങ്ങളും യുദ്ധഭൂമിയിലെ യഥാര്‍ത്ഥ സാഹചര്യവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ടെന്നും വിയറ്റ്നാമിലെ തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘ഒരേ തിരക്കഥ, വ്യത്യസ്ത കാലഘട്ടം’ എന്നാണ് നിലവിലെ സംഘര്‍ഷത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

വിയറ്റ്നാം യുദ്ധകാലത്ത് സൈഗോണില്‍ അമേരിക്കന്‍ സൈന്യം നടത്തിയിരുന്ന ദൈനംദിന ബ്രീഫിംഗുകളെ പരിഹസിക്കാന്‍ ഉപയോഗിച്ചിരുന്ന ‘ഫൈവ് ഓ ക്ലോക്ക് ഫോളീസ്’ (അഞ്ചു മണി തമാശകള്‍) എന്ന പ്രയോഗം അരാഗ്ചി വീണ്ടും ഓര്‍മ്മിപ്പിച്ചു.

അന്ന് വന്‍ നാശനഷ്ടങ്ങള്‍ക്കിടയിലും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ശുഭാപ്തിവിശ്വാസം നിറഞ്ഞ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നതുപോലെ, ഇന്നും യു.എസ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

1967ല്‍ യു.എസ് ജനറല്‍ വില്യം വെസ്റ്റ്മോര്‍ലാന്‍ഡ് വിജയം അമേരിക്കയ്ക്ക് അരികിലാണെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് ‘ടെറ്റ് ആക്രമണം’ നടന്നതും അമേരിക്കന്‍ ജനതയുടെ വിശ്വാസം തകര്‍ന്നതും.

വിയറ്റ്നാം യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട് അമേരിക്കന്‍ നേതൃത്വത്തിന്റെ വിശ്വാസ്യതയെയും അരാഗ്ചി ചോദ്യം ചെയ്തു.

ശീതയുദ്ധകാലത്ത് ഐസന്‍ഹോവറുടെ കീഴില്‍ തുടങ്ങി ലിന്‍ഡണ്‍ ബി. ജോണ്‍സന്റെ കാലത്ത് വര്‍ദ്ധിച്ച വിയറ്റ്നാം യുദ്ധത്തില്‍ 5 ലക്ഷത്തിലധികം സൈനികരെ അമേരിക്ക വിന്യസിച്ചിരുന്നു. വിപുലമായ ബോംബിംഗുകള്‍ നടത്തിയിട്ടും വടക്കന്‍ വിയറ്റ്നാം സേനയെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

1973ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍ സൈന്യത്തെ പിന്‍വലിക്കുകയും 1975ലെ സൈഗോണിന്റെ പതനത്തോടെയുമാണ് അമേരിക്കയുടെ വിയറ്റ്നാം അധ്യായം അവസാനിച്ചത്.

അന്ന് 58,000 അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും വിയറ്റ്നാമീസ് നാശനഷ്ടങ്ങള്‍ ദശലക്ഷങ്ങള്‍ കടക്കുകയും ചെയ്തിരുന്നു. ഈ ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളും ഔദ്യോഗിക വിവരണങ്ങളിലെ നുണകളും അമേരിക്കന്‍ ഭരണകൂടത്തിന് തിരിച്ചടിയാകുമെന്ന് അരാഗ്ചി സൂചിപ്പിക്കുന്നു.

സമാനമായ രീതിയില്‍, ഇറാനെതിരെ അമേരിക്കന്‍ സൈന്യം നിര്‍ണ്ണായക വിജയം കൈവരിക്കുന്നുവെന്ന് അവകാശപ്പെടുന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെയും അരാഗ്ചി രൂക്ഷമായി വിമര്‍ശിച്ചു.

യുദ്ധക്കളത്തിലെ യാഥാര്‍ത്ഥ്യം അമേരിക്ക പറയുന്നതല്ലെന്ന് തെളിയിക്കാന്‍ ചില സംഭവങ്ങളും അരാഗ്ചി ചൂണ്ടിക്കാട്ടി.

ഇറാന് മുകളിലൂടെയുള്ള പറക്കലിനിടെ യു.എസിന്റെ അത്യാധുനിക എഫ്-35 വിമാനം തകരാറിലാവുകയും അടിയന്തരമായി ലാന്‍ഡിങ് നടത്തുകയും ചെയ്തു. വിമാനം ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പുറത്തുവിട്ടിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സമ്മതിച്ചിട്ടുണ്ട്.

അതുപോലെ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ്, യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ എന്നീ വിമാനവാഹിനിക്കപ്പലുകള്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിന്ന് പിന്മാറിയതായിട്ടുണ്ട്.

എന്നാല്‍ ഫോര്‍ഡ് കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് നീങ്ങിയതെന്നാണ് യു.എസ് വിശദീകരണം.

നിലവിലെ സംഘര്‍ഷം ഇരുപക്ഷത്തും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കുറഞ്ഞത് 13 യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളില്‍ 1,400-ലധികം പേര്‍ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും ഇറാനിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: Iran compares US war narrative to Vietnam, says ‘same script, different stage’ amid escalating conflict

We use cookies to give you the best possible experience. Learn more