| Tuesday, 17th June 2025, 8:03 pm

മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലി ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍. ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ(ഐ.ആര്‍.ജി.സി) ഉദ്ധരിച്ച് ടെഹ്‌റാന്‍ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 മൊസാദ് ആസ്ഥാനത്തിന്‌ സമീപത്തെ ബസ് പാര്‍ക്കിങ് സ്ഥലത്താണ് ആക്രമണമുണ്ടായതെന്ന് കാണിച്ച് ഇസ്രഈല്‍ സൈന്യം ആക്രമണങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്നും ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മൊസാദ് ആസ്ഥാനം ആക്രമിക്കപ്പെട്ട കാര്യം ഇസ്രഈല്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മൊസാദ് ആസ്ഥാനത്തെ ആക്രമണത്തിന് പുറമെ ഇസ്രഈലിന്റെ നാലാമത്തെ എഫ്-35 യുദ്ധവിമാനവും വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്‌രിസിലാണ് എഫ്-35 വിമാനങ്ങള്‍ വെടിവെച്ചിട്ടത്.

ഇസ്രഈല്‍ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര ശക്തികേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഐ.ആര്‍.ജി.സിയുടെ ആക്രമണത്തില്‍ തകര്‍ന്നതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രഈല്‍ സൈന്യവുമായും മൊസാദുമായും ബന്ധമുള്ള ഇന്‍സ്റ്റിറ്റിയൂട്ടാണിത്.

അതേസമയം ഇറാന്റെ യുദ്ധകാല മിലിറ്ററി കമാന്‍ഡറായ അലി ഷദ്മാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രഈല്‍ സേനയും അവകാശപ്പെട്ടിരുന്നു. മധ്യ ടെഹ്റാനില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ മേജര്‍ ജനറല്‍ അലി റാഷിദ് കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന് പകരമായി നിയമിച്ച വ്യക്തിയെയാണ് നിലവില്‍ കൊലപ്പെടുത്തിയതെന്നാണ് ഇസ്രഈല്‍ അവകാശപ്പെട്ടത്. അതേസമയം അദ്ദേഹം കൊല്ലപ്പെട്ട വിവരം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.

അഞ്ച് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇറാന്റെ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച കണക്ക് പ്രകാരം 224 പേര്‍ മരിച്ചതായും 1200ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തില്‍ ഇറാനിലെ നിരവധി സൈനിക കമാന്റര്‍മാരെയും ആണവ ശാസ്ത്രജ്ഞന്മാരെയും കൊലപ്പെടുത്തിയതായും ഇസ്രഈല്‍ അവകാശപ്പെടുന്നുണ്ട്. ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും നശിപ്പിക്കപ്പെട്ടതായും ഇന്ധനം നിറക്കുന്ന വിമാനം ആക്രമിച്ചുവെന്നും ഇസ്രഈല്‍ പറയുന്നുണ്ട്.

Content Highlight: Iran claims Mossad headquarters attacked

We use cookies to give you the best possible experience. Learn more