| Saturday, 17th January 2026, 7:55 am

ഇറാൻ ആഭ്യന്തരയുദ്ധം; യു.എന്നിൽ യു.എസിനെ അപലപിച്ച് ഇറാൻ, റഷ്യ, ചൈന

ശ്രീലക്ഷ്മി എ.വി.

ന്യൂയോർക്ക്: ഇറാൻ ആഭ്യന്തരയുദ്ധം തുടരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയിൽ യു.എസിനെ അപലപിച്ച് ഇറാൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ.

ഇറാനിൽ അമേരിക്കയുടെ ഇടപെടൽ അപകടകരവും നിരുത്തരവാദിത്തവുമാണെന്ന് റഷ്യൻ പ്രതിനിധി വാസിലി നെബെൻസിയ ആരോപിച്ചു. ഇറാന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും റഷ്യൻ പ്രതിനിധി കൂട്ടിച്ചേർത്തു.

ശത്രുതയുള്ള ബാഹ്യശക്തികൾ ഈ സാഹചര്യം മുതലെടുത്ത് സർക്കാരിനെ അട്ടിമറിക്കാനും ഇറാന്റെ പരമാധികാരം നശിപ്പിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനും, പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും, അതിന്റെ പ്രദേശിക സമഗ്രത സംരക്ഷിക്കുന്നതിനും ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാനിൽ സംഘർഷങ്ങൾ രൂക്ഷമാകുന്ന നടപടികൾ അവസാനിപ്പിക്കാനും ‘ആഗോള ജഡ്ജി’ എന്ന പേരിൽ സ്വയം സ്ഥാനം പിടിക്കുന്നത് നിർത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാന്റെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്കയുടെ ഭീഷണി തള്ളിക്കളഞ്ഞ് ചൈനയും രംഗത്തെത്തി.

ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ബലപ്രയോഗമോ, ഇടപെടലോ നടത്തുമെന്ന ഭീഷണികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ചൈന വ്യക്തമാക്കി.

ഇത്തരം ഇടപെടലുകൾ സംഘർഷാവസ്ഥ മോശമാക്കുമെന്നും എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സുരക്ഷാ കൗൺസിലിനെ അമേരിക്ക ഒരു നാടക വേദിയാക്കി മാറ്റിയെന്ന് ഇറാന്റെ യു.എൻ അംബാസഡർ ഘോലാംഹൊസൈൻ ഡാർസി പറഞ്ഞു.

രാജ്യത്തെ അസ്വസ്ഥതകൾക്ക് നേതൃത്വം നൽകുന്നുത് അമേരിക്കയാണെന്നും അമേരിക്കയുടെയും ഇസ്രഈലിന്റെയും പ്രതിനിധികൾ ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ അജണ്ടയെ പ്രതിനിധീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിൽ അമേരിക്കയുടെ പങ്ക് മറച്ചുവെക്കാൻ പല നുണകളും അവർ പറയുന്നുണ്ട്. വസ്തുതകളെ വളച്ചൊടിക്കുന്നതും മനപൂർവമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ഖേദകരമായ കാര്യാമാണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ സുരക്ഷാ കൗൺസിൽ മനസിലാക്കുന്നതിനാൽ പരമാവധി സംയമനം പാലിക്കണമെന്നും കൂടുതൽ സംഘർഷങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു.

Content Highlight: Iran Civil War; Iran, Russia, China condemn US at UN

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more