ന്യൂയോർക്ക്: ആണവ നിർവ്യാപന കരാർ (എൻ.പി.ടി) വൈസ് പ്രസിഡന്റുമാരിൽ ഒരാളായി ഇറാൻ പ്രതിനിധിയെ തെരഞ്ഞെടുത്തു. 34 പ്രസിഡന്റുമാരിൽ ഒരാളായാണ് ഇറാനെ തെരഞ്ഞെടുത്തത്.ആണവ നിരായുധീകരണത്തെ പിന്തുണക്കുന്ന 121 വികസ്വര രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ചേരിചേരാ പ്രസ്ഥാനമാണ് ഇറാന്റെ പേര് നിർദേശിച്ചത്.
ഈ നടപടികൾക്കെതിരെ എൻ.പി.ടി അവലോകന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ വിമർശനങ്ങളുമായി അമേരിക്കൻ പ്രതിനിധികൾ രംഗത്തെത്തി.
‘ആണവ കരാറിനോട് അനാദരവ് കാണിക്കുന്ന രാജ്യത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ഞെട്ടലുണ്ടാകുന്നതാണ്,’ ഇറാന്റെ തെരഞ്ഞെടുപ്പ് തടയുന്നതിൽ പരാജയപ്പെട്ട് പ്രകോപിതനായ യു.എസ് പ്രതിനിധി പറഞ്ഞു.
ഓസ്‌ട്രേലിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുൾപ്പെടെ അമേരിക്കയുടെ ചുരുക്കം ചില സഖ്യകക്ഷികൾ ട്രംപ് ഭരണകൂടത്തിന്റെ ഈ പരാതിയെ പിന്തുണച്ചപ്പോൾ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവർ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി. എന്നാൽ ഇറാനെ മാത്രം ലക്ഷ്യം വെക്കാനുള്ള ഏതൊരു നീക്കത്തെയും എതിർക്കുമെന്ന് റഷ്യ പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡർ റെസ നജാഫി അമേരിക്കയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞു.
ആണവായുധങ്ങൾ ഉപയോഗിച്ചിട്ടുള്ള ലോകത്തിലെ ഏക രാജ്യം അമേരിക്കയാണെന്നും ആണവ നിർവ്യാപന കരാർ ലംഘിച്ചുകൊണ്ട് അവർ സ്വന്തം ആണവ ശേഖരം വിപുലീകരിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രഈൽ ഭരണകൂടത്തിന്റെ വെളിപ്പെടുത്താത്ത ആണവ ശേഖരത്തിന് സംരക്ഷണം നൽകിക്കൊണ്ട് പശ്ചിമേഷ്യയെ ആണവ വിമുക്ത മേഖലയാക്കാനുള്ള നീക്കങ്ങളെ അമേരിക്ക തടയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാന്റെ സമാധാനപരമായ ആണവ നിലയങ്ങൾക്ക് നേരെ അടുത്തിടെ നടന്ന അമേരിക്കൻ – ഇസ്രഈൽ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ആഗോള ആണവ നിർവ്യാപന സംവിധാനത്തിന് നേരെ നടന്ന നേരിട്ടുള്ള കടന്നാക്രമമാണെന്നും നജാഫി പറഞ്ഞു.
ഇറാന് ലഭിച്ച അന്താരാഷ്ട്ര പിന്തുണ നയതന്ത്ര ഐക്യത്തിന്റെ വിജയവും, അമേരിക്കൻ ആധിപത്യത്തിനുള്ള ശക്തമായ തിരിച്ചടിയുമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
Content Highlight: Iran becomes UN nuclear committee vice president, overcoming US opposition; a major setback for Trump administration