ദോഹ: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രണങ്ങള്‍ക്ക് തിരിച്ചടിയായി ദോഹയിലെ യു.എസ് വ്യോമകേന്ദ്രത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ദോഹയില്‍ നിന്ന് തീജ്വാലകളും സ്‌ഫോടനങ്ങളും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരിച്ചടിയുടെ ഭാഗമായി ഇറാന്‍ പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനികതാവളങ്ങള്‍ ആക്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് വ്യോമകേന്ദ്രമായ, ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആറോളം ബാലിസ്റ്റിക് മിസൈലുകളാണ് ദോഹയിലേക്ക് ഇറാന്‍ തൊടുത്തതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ദോഹയിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനിയന്‍ സായുധ സേന(IRGC) ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ സ്റ്റേറ്റ് ടി.വിയും സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ ക്രിമിനല്‍ ഭരണകൂടത്തിന്റെ സൈനിക ആക്രമണത്തിന് മറുപടിയായാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്ന് ഇറാന്‍ സായുധ സേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു.എസ് ആക്രമണത്തെ ‘അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനം’ എന്ന് വിശേഷിപ്പിച്ച പ്രസ്താവനയില്‍, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും, ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ (PBUH) നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
‘യാ അബ അബ്ദുല്ല അല്‍-ഹുസൈന്‍’ എന്ന വിശുദ്ധ കോഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിലുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും നല്‍കുന്ന ഈ നിര്‍ണായക നടപടിയുടെ സന്ദേശം വ്യക്തമാണെന്നും ഇറാന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും നേരെയുള്ള ഒരാക്രമണത്തിനും മറുപടി നല്‍കാതിരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
Content Highlight: Iran Attacked US air base in Qatar; Report