ടെഹ്‌റാന്‍: അരേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഐക്യരാഷ്ട്ര സഭ ഉടന്‍ നടപടിയെടുക്കണമെന്ന് ഇറാന്‍ പ്രതിനിധി അമീര്‍ സയീദ് ഇറവാനി.
യു.എന്‍ സെക്രട്ടറി ജനറലിനും സുരക്ഷാ കൗണ്‍സിലിനും അയച്ച തുറന്ന കത്തിലാണ് അദ്ദേഹം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളെ രക്തചൊരിച്ചിലുള്ള അക്രമമാക്കി മാറ്റാന്‍ അമേരിക്ക ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലേക്ക് ആയുധങ്ങള്‍ അയച്ചിട്ടുണ്ടെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണിത്.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന യു.എന്‍ ചാര്‍ട്ടര്‍ പാലിക്കാന്‍ അമേരിക്ക തയ്യാറാവാണമെന്നും ഇറാന്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഇറാനിലേയ്ക്ക് തങ്ങള്‍ തോക്കുകള്‍ അയച്ചിട്ടുണ്ടെന്നായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഞങ്ങള്‍ തോക്കുകള്‍ അയച്ചു. ഒരുപാട് തോക്കുകള്‍. അവ ജനങ്ങള്‍ക്ക് നല്‍കാനായിരുന്നു. അങ്ങനെ അവര്‍ക്ക് ഗുണ്ടകള്‍ക്കെതിരെ (ഭരണകൂടം) പോരാടാന്‍ കഴിയുമായിരുന്നു,’ ട്രംപ് പറഞ്ഞു.
അമേരിക്ക അസ്ഥിരത വളര്‍ത്തുകയാണെന്ന ഇറാന്റെ ദീര്‍ഘകാല നിലപാടിനെ സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ ഈ പരാമര്‍ശമെന്നും ഇറാന്‍ അംബാസഡര്‍ പറഞ്ഞു.
‘മിഡില്‍ ഈസ്റ്റിലും മറ്റ് മേഖലകളിലും തീവ്രവാദ ഗ്രൂപ്പുകളെ സൃഷ്ടിക്കുക, ആയുധം നല്‍കുക, ധനസഹായം നല്‍കുന്ന തുടങ്ങി അമേരിക്കയുടെ ദീര്‍ഘകാല നയവുമായി പൊരുത്തപ്പെടുന്നതാണ് ഇത്തരം പെരുമാറ്റം,’ കത്തില്‍ പറയുന്നു.
2025 ഡിസംബറിലും 2026 ജനുവരിയിലും ഇറാനിലുണ്ടായ അശാന്തിയില്‍ സാധാരണക്കാര്‍ക്കും സിവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുണ്ടായ അതിക്രമങ്ങളില്‍ അമേരിക്കയ്ക്കാണ് പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്നും ഇറാന്‍ അംബാസഡര്‍ പറഞ്ഞു.
‘ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിലൂടെയും തീവ്രവാദ ഘടകങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും ആയുധം നല്‍കുന്നതിലൂടെയും വ്യാജ മരണ സംഖ്യ പ്രചരിപ്പിപ്പിക്കുന്നതിലൂടെയും ഇറാനെതിരെ അമേരിക്കയൊരു ക്ഷുദ്ര നയമാണ് പിന്തുടരുന്നത്,’ ഇറവാനി പറഞ്ഞു.
മറ്റൊരു രാജ്യത്ത് സായുധ സംഘങ്ങളെ ആയുധമാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ അപകടകരമായ പ്രസ്താവനകളെ സുരക്ഷാ കൗണ്‍സില്‍ ശക്തനായി അപലപിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ഈ ലംഘനങ്ങള്‍ക്ക് മറുപടി ലഭിക്കാതെ പോവുന്നില്ലെന്ന് ഉറപ്പാക്കുകയും ഭീരതയ്ക്ക് ഭരണകൂട പിന്തുണ നല്‍കുന്ന പെരുമാറ്റങ്ങള്‍ ഏതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന് വ്യക്തമായി പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഇറാനിലെ വിമത ഗ്രൂപ്പായ കുര്‍ദിഷുകള്‍ക്കാണ് ആയുധം എത്തിച്ച് കൊടുത്തതെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. ജനുവരി 8,9 തിയതികളില്‍ ഇറാനില്‍ നടന്ന സംഘടിത ആക്രമണങ്ങളില്‍ ആയിരക്കണക്കിന് സാധാരണരക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
അതിന് മാസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
ഇറാന്‍ കലാപത്തില്‍ അമേരിക്കയ്ക്ക പങ്കുണ്ടെന്നും മൊസാദ് ഏജന്റുമാര്‍ തെരുവുകളില്‍ കലാപകാരികള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും മുന്‍ സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോ നേരത്തെ സമ്മതിച്ചിരുന്നു.
Content Highlight:Iran asks UN to take action against Trump for arming Kurds