| Friday, 12th December 2025, 10:14 pm

സമാധാന നോബേല്‍ ജേതാവ് നര്‍ഗസ് മുഹമ്മദിയെ ഇറാന്‍ അറസ്റ്റ് ചെയ്തു; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നേടിയ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗസ് മുഹമ്മദി(53)യെ ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

ഇറാന്‍ നഗരമായ മഷാദില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹൊസ്റോവ് അലികുര്‍ദിയുടെ സ്മൃതി കുടീരത്തില്‍ നടന്ന യോഗത്തിനിടെ പൊലീസ് നര്‍ഗസിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അവരുടെ അനുയായികളുടെ കൂട്ടായ്മയായ ഫ്രീ നര്‍ഗസ് ഫൗണ്ടേഷന്‍ അറിയിച്ചു.

സുരക്ഷാ, പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബലമായാണ് നര്‍ഗസിനെ കസ്റ്റഡിയിലെടുത്തതെന്നും ജയിലിലേക്ക് അയച്ചിരിക്കുകയാണോ എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അനുയായികള്‍ മാധ്യമങ്ങള്‍ക്കയച്ച പ്രസ്താവനയില്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയോടെ സ്മാരകത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചിരുന്നു. അഭിവാദ്യമര്‍പ്പിച്ചും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ചടങ്ങില്‍ പങ്കെടുത്തവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് വിവരം.

നര്‍ഗസിനൊപ്പം മറ്റ് ആക്ടിവിസ്റ്റുകളും പിടിയിലായെന്നാണ് വിവരം. ഇവരെയും വിട്ടയക്കണമെന്നും അറസ്റ്റ് മൗലികാവാശങ്ങളുടെ ലംഘനമാണെന്നും ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നര്‍ഗസ് മുഹമ്മദിയുടെ ഒരു പഴയ ചിത്രം Photo: Brittanica/web.com

നേരത്തെ, രാജ്യസുരക്ഷക്കെതിരെ പ്രവര്‍ത്തിച്ചെന്ന പേരില്‍ നര്‍ഗസിനെതിരെ ഗൂഢാലോചന, സര്‍ക്കാരിനെതിരായ പ്രചാരണം എന്നീ കുറ്റങ്ങള്‍ ചുമത്തി 13 വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ച് ഭരണകൂടം തടവിലിട്ടിരുന്നു.

ഈ ശിക്ഷയനുഭവിക്കുന്നതിനിടെ 2024 ഡിസംബറില്‍ ആരോഗ്യകാരണങ്ങളാലാണ് ജയില്‍ മോചിതയായത്. ഇപ്പോഴുണ്ടായ അറസ്റ്റിനെ തുടര്‍ന്ന് അവരെ വീണ്ടും ജയിലിലയക്കുമോയെന്ന ആശങ്കയും അനുയായികള്‍ പങ്കുവെച്ചു.

ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ ചികിത്സ തേടാനായി ആറ് മാസത്തേക്ക് കൂടി അവര്‍ക്ക് ജാമ്യം അനുവദിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. ജയിലില്‍ വെച്ച് നിരവധി തവണ ഹൃദയാഘാതം ഉണ്ടാവുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തിരുന്നു.

ഇറാനിലെ പ്രമുഖ ആക്ടിവിസ്റ്റായ നര്‍ഗസ് ഇതുവരെ 13 തവണയാണ് ജയിലിലടയ്ക്കപ്പെട്ടത്. അഞ്ച് തവണ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ആകെ 30 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.

രാജ്യവ്യാപകമായ ഒരു പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടയാള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനായിരുന്നു ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. ഈ കേസില്‍ 2021ലാണ് തടവ് ആരംഭിച്ചത്. 2022ല്‍ മഹ്‌സ അമിനിയെന്ന പെണ്‍കുട്ടി പൊലീസ് മര്‍ദ്ദനത്തില്‍ മരണപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ക്കും നര്‍ഗസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, നര്‍ഗസിനെ അറസ്റ്റ് ചെയ്‌തോയെന്ന കാര്യത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Iran arrests Nobel Peace Prize laureate Narges Mohammadi: Report

We use cookies to give you the best possible experience. Learn more