വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ യു.എസും ഇറാനും തമ്മില്‍ ധാരണയിലെത്തിയതായി യു.എസ് ഉദ്യോഗസ്ഥര്‍. ഇരു പക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആക്‌സിയോസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നാളെ (ചൊവ്വാഴ്ച) മുതല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലായിരിക്കും ഇറാന്‍-യു.എസ് ചര്‍ച്ച. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇരു പക്ഷത്തിനുമിടയിലുള്ള ഭിന്നതകള്‍ പരിഹരിക്കലാവും ചര്‍ച്ചയിലെ പ്രധാന അജണ്ടയെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ധാരണാപത്രത്തിലെ എല്ലാ വിഷയങ്ങളിലും സാങ്കേതിക ചര്‍ച്ചകള്‍ തുടരുമെന്നും ഇരു പക്ഷവും ഏറ്റുമുട്ടല്‍ നിര്‍ത്തിവെച്ചതായും ഒരു യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസിലൂടെ ഇപ്പോള്‍ മുതല്‍ കപ്പലുകള്‍ക്ക് സ്വതന്ത്രമായി നീങ്ങാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇറാനും യു.എസും രണ്ടാഴ്ച മുമ്പ് ഒപ്പുവെക്കുകയും ഹോര്‍മുസില്‍ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു പക്ഷവും വീണ്ടും സംഘര്‍ഷത്തിലേക്കെത്തിയിരുന്നു. ഈ സംഘര്‍ഷം നിര്‍ത്തിവച്ച് ഇരുപക്ഷവും വീണ്ടും സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങുകയാണെന്ന് ഇപ്പോള്‍ യു.എസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നു.
സംഘര്‍ഷം നിര്‍ത്തിവെക്കാന്‍ ധാരണയിലെത്തിയെന്ന വാര്‍ത്തകള്‍ക്കിടെ ഹോര്‍മുസിന്റെ നിയന്ത്രണത്തെക്കുറിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ ഒരു പ്രതികരണവും പുറത്തുവന്നു. ഹോര്‍മുസ് കടലിടുക്കിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഇറാന് മാത്രമാണെന്ന് അരാഗ്ച്ചി പറഞ്ഞു. ഹോര്‍മുസില്‍ തങ്ങള്‍ നിര്‍ദേശിച്ച പാതയ്ക്ക് പകരം മറ്റ് പാതകളിലേക്ക് ഗതാഗതം മാറ്റാനുള്ള ഏത് നീക്കവും സംഘര്‍ഷങ്ങള്‍ വഷളാവാന്‍ കാരണമാവുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസില്‍ ഒരു പുതിയ ഇടനാഴി സ്ഥാപിച്ച് ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ യു.എസ് ശ്രമിക്കുന്നുവെന്ന് ഇറാന്‍ കഴിഞ്ഞ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ അരാഗ്ചിയുടെ പുതിയ പ്രതികരണം.
ഈ മാസം 17നാണ് പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസും ഇറാനും ഇടക്കാല ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ഇതിന് പിന്നാലെ നടന്ന തുടര്‍ ചര്‍ച്ചകളില്‍ 90 ദിവസത്തിനുള്ളില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറില്‍ എത്തിച്ചേരുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ യു.എസും ഇറാനും ധാരണയിലെത്തിയതായി പാകിസ്ഥാനും ഖത്തറും അറിയിക്കുകയും ചെയ്തിരുന്നു.
ഇടക്കാല ധാരണാപത്രത്തില്‍ ഇരു കക്ഷികളും ഒപ്പു വെച്ചതോടെ നാല് മാസത്തോളമായി തുടര്‍ന്ന സംഘര്‍ഷങ്ങള്‍ അവസാനിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ യു.എസും ഇറാനും വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പുതിയ സമാധാന കരാര്‍ ലംഘിച്ചത് യു.എസ് ആണെന്ന് ഇറാനും ഇറാനാണ് ലംഘിച്ചതെന്ന് യു.എസും അവകാശപ്പെടുകയും ചെയ്തിരുന്നു.
ഹോര്‍മുസില്‍ പാനമയുടെ കപ്പലിന് നേര്‍ക്ക് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനാലാണ് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇന്നലെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന് ഒരു അവസരം നല്‍കിയെന്നും എന്നാല്‍ അവര്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നെന്നും സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു.
ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ യു.എസ് ലംഘിക്കുകയാണെന്ന് ഈ വിഷയത്തില്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐ.ആര്‍.ജി.സി) പ്രതികരണ മറിച്ചിരുന്നു. ഇറാന്റെ അഞ്ച് ഔട്ട്പോസ്റ്റുകള്‍ യു.എസ് ആക്രമിച്ചെന്നും ഐ.ആര്‍.ജി.സിയുടെ പ്രസ്താവനയില്‍ പറയുന്നു.
Content Highlight: Iran and US agree to halt attacks and renew talks, U.S. official says