മസ്‌കറ്റ്: ഒമാനിലും ആക്രമണം നടത്തി ഇറാന്‍. ദുഖം തുറമുഖത്താണ് ആക്രമണം ഉണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം.
തുറമുഖം ലക്ഷ്യമാക്കി രണ്ട് ഡ്രോണുകള്‍ പാഞ്ഞടുത്തുവെന്നും ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റതായും ഒമാന്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ (ശനി) രാവിലെയോടെയാണ് ഇസ്രഈലും യു.എസും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളിലും ഇസ്രഈല്‍ തലസ്ഥാനമായ ടെല്‍ അവീവിലും ആക്രമണം നടത്തിയാണ് ഇറാന്‍ തിരിച്ചടിച്ചത്.
ഒമാന്‍ ഒഴികെ യു.എ.ഇ, ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയിരുന്നു.
നിലവില്‍ ഒമാനെ ലക്ഷ്യമാക്കിയും ഇറാന്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇറാനെതിരായ ആക്രമണങ്ങളില്‍ യു.എസിനെ വിമര്‍ശിച്ച് ഒമാന്‍ വിദേശകാര്യമന്ത്രി രംഗത്തെത്തിയിരുന്നു.
കരാര്‍ സാധ്യമാകുന്ന ഘട്ടത്തില്‍ ഇസ്രഈല്‍ അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിവിട്ട് വഞ്ചിച്ചുവെന്നായിരുന്നു മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുടെ പ്രതികരണം. ഇറാനും ട്രംപ് ഭരണകൂടവും തമ്മിലുള്ള ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥരില്‍ ഒരാളായിരുന്നു ബുസൈദി.
അതേസമയം ഇറാനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 747 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാനിലെ മിനാബ് സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 108 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു.
Content Highlight: Iran also attacked the port of Duqm in Oman