| Sunday, 1st June 2025, 6:42 pm

കളിക്കാതെ തന്നെ മുംബൈ 'പരാജയപ്പെടാനും' പഞ്ചാബ് ഫൈനല്‍ കളിക്കാനും സാധ്യതകളുണ്ട്; ഫൈനലിസ്റ്റിനെ ഇന്നറിയാം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ രണ്ടാം ക്വാളിഫറിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആദ്യ ക്വാളിഫയര്‍ പരാജയപ്പെട്ട പഞ്ചാബ് കിങ്‌സ് എലിമിനേറ്റര്‍ വിജയിച്ചെത്തിയ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരാളികളായി വരും.

എന്നാല്‍ മോശം കാലാവസ്ഥ മൂലമോ മറ്റെന്തെങ്കിലും കാരണം കൂലമോ സെക്കന്‍ഡ് ക്വാളിഫയര്‍ നടക്കാതെ പോയാല്‍ ആര് ഫൈനല്‍ കളിക്കും? ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട പഞ്ചാബ് കിങ്‌സോ അതോ എലിമിനേറ്റര്‍ വിജയിച്ച മുംബൈ ഇന്ത്യന്‍സോ?

ഏതെങ്കിലും സാഹചര്യത്താല്‍ മത്സരം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ മുകളില്‍ നില്‍ക്കുന്ന ടീമിന് ഫൈനല്‍ കളിക്കാന്‍ വഴിയൊരുങ്ങും. അങ്ങനെ സംഭവിച്ചാല്‍ പഞ്ചാബ് കിങ്‌സാകും കിരീടപ്പോരാട്ടത്തിനിറങ്ങുക. രണ്ടാം ക്വാളിഫയറിന് ഐ.പി.എല്‍ റിസര്‍വ് ഡേ ഒന്നും തന്നെ അനുവദിച്ചിട്ടില്ല എന്നതിനാലാണിത്.

14 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും നാല് തോല്‍വിയുമായി 19 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. അതേസമയം മുംബൈയ്ക്കാകട്ടെ 16 പോയിന്റാണുള്ളത്. 14 മത്സരത്തില്‍ നിന്നും എട്ട് ജയവും ആറ് തോല്‍വിയുമാണ് ലീഗ് ഘട്ടത്തില്‍ മുംബൈയുടെ പേരില്‍ കുറിക്കപ്പെട്ടത്.

ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് ഞെട്ടിക്കുന്ന പരാജയമാണ് പഞ്ചാബിന് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ വെറും 101 റണ്‍സിനാണ് ആര്‍.സി.ബി എറിഞ്ഞിട്ടത്. സുയാഷ് ശര്‍മയും ജോഷ് ഹെയ്‌സല്‍വുഡും മൂന്ന് വിക്കറ്റുകളുമായി തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് വിരാട് കോഹ്‌ലിയെ 12 റണ്‍സിന് നഷ്ടപ്പെട്ടെങ്കിലും 23 പന്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ഫില്‍ സാള്‍ട്ട് 60 പന്ത് ശേഷിക്കെ പ്ലേ ബോള്‍ഡ് ആര്‍മിക്ക് ഫൈനല്‍ ടിക്കറ്റെടുത്ത് നല്‍കി.\

എലിമിനേറ്ററില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സിനെയാണ് മുംബൈ എലിമിനേറ്ററില്‍ തോല്‍പിച്ചുവിട്ടത്. 20 റണ്‍സിനായിരുന്നു പള്‍ട്ടാന്‍സിന്റെ വിജയം. മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് 208/6 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെയും ജോണി ബെയര്‍സ്‌റ്റോയുടെ വെടിക്കെട്ടിലും മുംബൈ പടുത്തുയര്‍ത്തിയ വിജയലക്ഷ്യം സായ് സുദര്‍ശന്റെ കരുത്തില്‍ ടൈറ്റന്‍സ് മറികടക്കുമെന്ന് കരുതിയെങ്കിലും മുംബൈ ബൗളര്‍മാര്‍ അതിന് അനുവദിക്കാതെ തടുത്തുനിര്‍ത്തുകയായിരുന്നു.

Content highlight: IPL2025: Qualifier 2: MI vs PBKS: Who will play in the final if the match is abandoned?

We use cookies to give you the best possible experience. Learn more