| Saturday, 1st November 2025, 7:59 pm

സഞ്ജു ദല്‍ഹിയിലേക്ക്? ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

സഞ്ജു സാംസണ്‍ ഐ.പി.എല്‍ 2026ന് മുന്നോടിയായി ദല്‍ഹി ക്യാപിറ്റല്‍സിലേക്ക് (ഡി.സി) ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തെ ട്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് (ആര്‍.ആര്‍) ദല്‍ഹിയുമായി നടത്തുന്ന ചര്‍ച്ച അന്തിമ ഘട്ടത്തിലെന്നാണ് വിവരം. സഞ്ജുവിന് പകരക്കാരനായി സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ താരം ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് ആര്‍.ആറില്‍ എത്തിയേക്കും.

സ്റ്റബ്ബ്‌സിന്റെ കൂടെ ഒരു അണ്‍ ക്യാപ്പ്ഡ് താരത്തെ കൂടി വേണമെന്നാണ് ആര്‍.ആറിന്റെ ആവശ്യം. എന്നാല്‍, ഈ വ്യവസ്ഥയില്‍ ഡി.സി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടെ തീരുമാനമായാല്‍ സഞ്ജു വീണ്ടും ഡി.സിക്കായി കളത്തിലിറങ്ങിയേക്കാം.

മലയാളി വിക്കറ്റ് കീപ്പര്‍ ടീമിലെത്തിക്കാന്‍ ഡി.സിക്ക് വലിയ താത്പര്യമാണുള്ളത്. എന്നാല്‍, താരത്തിന് പകരമായി പ്രധാന താരങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. താരത്തെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും പല ട്രേഡ് ഓപ്ഷനുകളും ചര്‍ച്ച ചെയ്തിരുന്നുവെന്നും ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഒരു ഘട്ടത്തില്‍ സഞ്ജുവുമായി ട്രേഡ് ചെയ്യുന്നവരുടെ താരങ്ങളില്‍ കെ.എല്‍ രാഹുലിന്റെ പേരും ഉയര്‍ന്നുവന്നിരുന്നുവെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ, കഴിഞ്ഞ സീസണില്‍ ടീമിനായി മികച്ച പ്രകടനം നടത്തിയ താരത്തിനെ വിട്ടുനല്‍കാന്‍ ഡി.സി തയ്യാറായില്ല.

നേരത്തെയും സഞ്ജുവിനായി ദല്‍ഹി ക്യാപിറ്റല്‍സ് ശ്രമങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് താരവുമായി ട്രേഡ് ചെയ്യപ്പെടുന്നവരുടെ താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത സീസണില്‍ താരം ദല്‍ഹിക്കൊപ്പമാകാന്‍ സാധ്യതകള്‍ ഏറെയാണ്.

ഈ ട്രേഡ് യാഥാര്‍ഥ്യമായാല്‍ 2017ന് ശേഷം സഞ്ജു വീണ്ടും ഡി.സിയില്‍ കളിക്കും. മുമ്പ് വാതുവെപ്പിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും വിലക്ക് നേരിട്ട സീസണുകളില്‍ താരം ദല്‍ഹിക്കായാണ് ഐ.പി.എല്ലില്‍ കളിച്ചത്. ആ സീസണില്‍ ടീമിനൊപ്പം താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ദല്‍ഹിയുടെ ജേഴ്‌സിയില്‍ മലയാളി താരത്തിന് ഒരു സെഞ്ച്വറിയുമുണ്ട്.

അതേസമയം, ദല്‍ഹി ക്യാപിറ്റല്‍സ് താരമായ കെ.എല്‍ രാഹുലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശക്തമായി തന്നെ രംഗത്തുണ്ടെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ട്രേഡ് ചെയ്യപ്പെടുന്ന താരങ്ങളുടെ പേരുകളുടെ കാര്യത്തില്‍ അനിശ്ചിതത്തിലാണ്. ആന്ദ്രേ റസലിനെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പക്ഷേ, ഡി.സിക്ക് യുവതാരങ്ങളെയാണ് താത്പര്യമെന്നാണ് വിവരം.

റിങ്കു സിങ്ങിനെയും വരുണ്‍ ചക്രവര്‍ത്തിയെയുമാണ് ദല്‍ഹി നോട്ടമിടുന്നതെന്നാണ് സൂചന. പക്ഷേ, ഇവരെ കൈവിടാന്‍ കെ.കെ.ആര്‍ കൈവിടാന്‍ ഒരുക്കമായേക്കില്ല.

Content Highlight: IPL Trade: Delhi Capitals close to bring Sanju Samson by swapping Tristan Stubbs

We use cookies to give you the best possible experience. Learn more