| Friday, 4th April 2025, 6:00 pm

പിശുക്കന്‍ ന്നാ ലോക പിശുക്കന്‍; ഇവനെതിരെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ടീമിനും സാധിച്ചിട്ടില്ല...

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 80 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് ഹൈദരാബാദിന് നേരിടേണ്ടി വന്നത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 120 റണ്‍സിന് പുറത്താവുകയായിരുന്നു.

വെങ്കിടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി എന്നിവരുടെ അര്‍ധ സെഞ്ച്വറികളും വരുണ്‍ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് നേട്ടവും കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കി.

മത്സരത്തില്‍ സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റ് നേടിയിരുന്നു. എന്നാല്‍ ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 200 വിക്കറ്റ് പൂര്‍ത്തിയാക്കാനും സുനില്‍ നരെയ്‌ന് സാധിച്ചു.

2012 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മാത്രമാണ് ഇതുവരെ കളത്തിലിറങ്ങിയത്. 178 മത്സരങ്ങളിലാണ് താരം ഇതുവരെ പന്തെറിഞ്ഞത്.

എന്നാല്‍ പന്തെറിഞ്ഞ 178 ഇന്നിങ്‌സില്‍ ഒരിക്കല്‍പ്പോലും താരം 50 റണ്‍സ് വഴങ്ങിയിട്ടില്ല. പാറ്റ് കമ്മിന്‍സ് ഏഴ് തവണയും ഭുവനേശ്വര്‍ കുമാര്‍ ആറ് തവണയും ജസ്പ്രീത് ബുംറ മൂന്ന് തവണയും 50+ റണ്‍സ് വഴങ്ങിയപ്പോഴും ഐ.പി.എല്‍ ലെജന്‍ഡ്‌സിനിടയില്‍ നരെയ്ന്‍ മാത്രമാണ് ഇതിന് ഒരു അപവാദമായി തുടരുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം 50+ റണ്‍സ് വഴങ്ങിയ ബൗളര്‍

(എത്ര തവണ റണ്‍സ് വഴങ്ങി – ബൗളര്‍ എന്നീ ക്രമത്തില്‍)

7 പാറ്റ് കമ്മിന്‍സ്
7 – മോഹിത് ശര്‍മ
6 – ഭുവനേശ്വര്‍ കുമാര്‍
6 – മുഹമ്മദ് ഷമി
6 – കഗീസോ റബാദ
5 – യുസ്വേന്ദ്ര ചഹല്‍
5 – സന്ദീപ് ശര്‍മ
5 – ഉമേഷ് യാദവ്
4 – റാഷിദ് ഖാന്‍
4 – ടി. നടരാജന്‍
4 – ഹര്‍ഷല്‍ പട്ടേല്‍
3 – അര്‍ഷ്ദീപ് സിങ്
3 – ജസ്പ്രീത് ബുംറ
3 – കുല്‍ദീപ് യാദവ്
3 – മിച്ചല്‍ സ്റ്റാര്‍ക്ക്
3 – അമിത് മിശ്ര
2 – ഡ്വെയ്ന്‍ ബ്രാവോ
2 – ജോഷ് ഹെയ്‌സല്‍വുഡ്
2 – രവീന്ദ്ര ജഡേജ
2 – ജോഫ്ര ആര്‍ച്ചര്‍
2 – ഇമ്രാന്‍ താഹിര്‍
2 – ആശിഷ് നെഹ്‌റ
2 – ഇഷാന്ത് ശര്‍മ
2 – സഹീര്‍ ഖാന്‍
2 – ലസിത് മലിംഗ
2 – ഡെയ്ല്‍ സ്റ്റെയ്ന്‍
2 – പിയൂഷ് ചൗള
1 – ആര്‍. അശ്വിന്‍
1 – ഹര്‍ഭജന്‍ സിങ്
1 – മിച്ചല്‍ ജോണ്‍സണ്‍
1 – മുത്തയ്യ മുരളീധരന്‍
1 – ദീപക് ചഹര്‍
1 – മോണി മോര്‍ക്കല്‍
1 – ഷെയ്ന്‍ വോണ്‍
1 – വരുണ്‍ ചക്രവര്‍ത്തി

0 – സുനില്‍ നരെയ്ന്‍

ഈ സീസണില്‍ പന്തെറിഞ്ഞ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനും നരെയ്ന്‍ തന്നെയാണ്.

അതേസമയം, ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും കൊല്‍ക്കത്തയ്ക്ക് സാധിച്ചു. നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ എട്ടിനാണ് കെ.കെ.ആറിന്റെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റസാണ് എതിരാളികള്‍.

Content Highlight: IPL: Sunil Narine never conceded 50 runs in an IPL match

We use cookies to give you the best possible experience. Learn more