| Friday, 8th August 2025, 7:34 pm

സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന ചെന്നൈയ്ക്ക് തിരിച്ചടി; ഇതിഹാസം ടീം വിടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റുകളില്‍ പ്രധാനിയും വെറ്ററന്‍ താരവുമായ ആര്‍. അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടുന്നു. തന്നെ റിലീസ് ചെയ്യാന്‍ താരം ടീമിനോടാവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സീസണില്‍ ടീമിന്റെ പദ്ധതികളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ താരം സി.എസ്.കെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐ.പി.എല്‍ 2025 മെഗാ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടുകളഞ്ഞ തങ്ങളുടെ അണ്ണാത്തെയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരികെ ചെപ്പോക്കിലെത്തിച്ചിരുന്നു. 9.75 കോടി രൂപയ്ക്കാണ് സൂപ്പര്‍ കിങ്‌സ് അശ്വിനെ തിരികെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ താരം കളത്തിലിറങ്ങി.

2026 സീസണില്‍ ടീം അശ്വിനെ ട്രേഡ് ചെയ്യുമോ അതോ ലേലത്തില്‍ വിടുമോ എന്ന് കാര്യത്തില്‍ തീര്‍ച്ചയില്ല. മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുമ്പോള്‍ സി.എസ്.കെ അക്കാദമി ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല എന്നുള്ളത് കൊണ്ടാണ് താരം ഈ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

എന്തുകൊണ്ടാണ് അശ്വിന്‍ സി.എസ്.കെയുമായി പിരിയുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. താരം പുതിയ സീസണിലും ടീമിനൊപ്പമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ താരം ചെപ്പോക് വിടുകയാണെന്നാണ് സൂചനകള്‍.

ഐ.പി.എല്‍ ലെജന്‍ഡ് എന്ന വിശേഷണം തീര്‍ച്ചയായും ഇണങ്ങുന്ന താരമായ അശ്വിന്‍ 2009 മുതലാണ് ടൂര്‍ണമെന്റിന്റെ ഭാഗമായത്. 2015 വരെ സ്വന്തം തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് താരം കളത്തിലിറങ്ങിയത്. ടീമിനൊപ്പം കിരീടനേട്ടങ്ങളിലും പങ്കാളിയായി.

വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്ക് നേരിട്ടപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായി. ശേഷം പഞ്ചാബ് കിങ്‌സിലേക്കും ദല്‍ഹി ക്യാപ്പിറ്റല്‍സിലേക്കും താരം ചുവടുമാറ്റി. രണ്ട് സീസണില്‍ പഞ്ചാബിനെ പ്രതിനിധികരിച്ച താരം ക്യാപ്റ്റന്റെ റോളിലുമെത്തിയിരുന്നു.

2022 മെഗാ താരലേലത്തില്‍ അശ്വിനെ രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. ഈ വര്‍ഷം ഫൈനലിലേക്കുള്ള ടീമിന്റെ കുതിപ്പിലും ശേഷമുള്ള സീസണുകളിലെ പ്ലേ ഓഫ് പ്രവേശനത്തിലും അശ്വിന്‍ എന്ന മാസ്റ്റര്‍ ടാക്ടീഷ്യന്റെ സാന്നിധ്യം ഏറെ നിര്‍ണായകമായിരുന്നു.

Content Highlight: IPL: Reports says R Ashwin reportedly set to leave Chennai Super Kings

We use cookies to give you the best possible experience. Learn more