| Thursday, 29th May 2025, 4:49 pm

ടീം നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ എല്ലാ കുറ്റവും ക്യാപ്റ്റന്‍സിക്ക്; 2022ലെ വിവാദങ്ങളില്‍ മനസ് തുറന്ന് ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്സ് വര്‍ഷങ്ങളായുള്ള തങ്ങളുടെ ക്യാപ്റ്റന്‍സിയില്‍ 2022ല്‍ ഒരു മാറ്റം വരുത്തിയിരുന്നു. എം.എസ് ധോണി ചെന്നൈ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ടീം മാറ്റം കൊണ്ടുവന്നത്. ചെന്നൈയിലെ സീനിയര്‍ താരവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയെ ധോണിയുടെ പിന്‍ഗാമിയായി കൊണ്ടുവന്നത്.

എന്നാല്‍ താരത്തിന്റെ കീഴില്‍ ഇറങ്ങിയ സൂപ്പര്‍ കിങ്സ് 2022 സീസണില്‍ ആദ്യ നാല് മത്സരങ്ങളിലും പരാജയപെട്ടു. അതോടെ ജഡേജ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കുകയായിരുന്നു. അതിന് പിന്നാലെ ധോണിയെ വീണ്ടും മുന്‍ ചാമ്പ്യന്മാര്‍ ക്യാപ്റ്റനാക്കുകയും ചെയ്തു.

ക്യാപറ്റന്‍സി മാറ്റം നടന്നെങ്കിലും 2022ലെ സീസണില്‍ ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ എത്താനായിരുന്നില്ല. അതിന്റെ തൊട്ടടുത്ത സീസണില്‍ ധോണിയുടെ കീഴില്‍ ടീം തിരിച്ചെത്തി അഞ്ചാം തവണയും കപ്പുയര്‍ത്തുകയും ചെയ്തിരുന്നു.

2022 ലെ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് ക്യാപ്റ്റനായ ജഡേജ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ജഡേജ. ചെന്നൈയിലെ തന്റെ സഹ താരമായ ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലാണ് ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് താരം മനസ് തുറക്കുന്നത്.

ചെന്നൈയുടെ ക്യാപ്റ്റസി തനിക്ക് ഒരു അനുഭവമായിരുന്നുവെന്നും ഒരു ടീം നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ എല്ലാ കുറ്റവും ക്യാപ്റ്റന്‍സിക്കാവുമെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ താരങ്ങള്‍ സംഭാവന ചെയ്തില്ലെങ്കില്‍ ടി – 20 ഫോര്‍മാറ്റില്‍ ജയിക്കാനാവില്ലെന്നും തനിക്ക് കൂടുതല്‍ മികച്ച രീതിയിലും വ്യത്യസ്തമായും ചെയ്യാമായിരുന്നുവെന്നും ചെന്നൈ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

‘അത് ബുദ്ധിമുട്ടായിരുന്നു. ടി – 20 ക്രിക്കറ്റില്‍ ഓരോ ബോളും ഓരോ ഇവന്റാണ്. അത് ഒരു ഫാസ്റ്റ് ഗെയ്മായിരുന്നു. പക്ഷേ എനിക്കത് ഒരു അനുഭവമായിരുന്നു. എനിക്ക് ഒന്നു കൂടി മികച്ച രീതിയില്‍ ചെയ്യാമായിരുന്നു. ഒരു ടീം നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ എല്ലാ കുറ്റവും ക്യാപ്റ്റന്‍സിക്കാവും.

കളിക്കളത്തില്‍ തീരുമാനമെടുക്കുന്നത് , ബൗളിങ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്, ഫീല്‍ഡിങ് പ്ലേസ്മെന്റുകളില്‍ തുടങ്ങി എല്ലാത്തിലും കുറ്റമുണ്ടാവും. നിര്‍ഭാഗ്യവശാല്‍, ടീം നന്നായി കളിച്ചില്ല. ഞങ്ങള്‍ ജയിക്കുകയും എല്ലാവരും സംഭാവന നല്‍കുകയും ചെയ്തിരുന്നെങ്കില്‍ അത് ടീം വര്‍ക്കായി കാണുമായിരുന്നു.

ചില സമയങ്ങളില്‍ സാധാരണ കാര്യങ്ങള്‍ വര്‍ക്ക് ആയേക്കാം. പക്ഷേ നിങ്ങളുടെ താരങ്ങള്‍ സംഭാവന ചെയ്തില്ലെങ്കില്‍ ടി – 20 ഫോര്‍മാറ്റില്‍ ജയിക്കാന്‍ കഴില്ല. എനിക്ക് കൂടുതല്‍ മികച്ച രീതിയിലും വ്യത്യസ്തമായും ചെയ്യാമായിരുന്നു എന്ന് എനിക്ക് തോന്നി,’ ജഡേജ പറഞ്ഞു.

വിവാദങ്ങളെ തുടര്‍ന്ന് ജഡേജ ചെന്നൈ വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത സീസണുകളിലും താരം ടീമിനൊപ്പം തന്നെ ഉണ്ടായിരുന്നു. മാത്രമല്ല, ജഡേജ ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ്.

Content Highlight: IPL: Ravindra Jadeja talks on 2022 captaincy change in Chennai Super Kings

We use cookies to give you the best possible experience. Learn more