| Wednesday, 1st April 2026, 12:54 pm

വിജയത്തിന് പിന്നാലെ പഞ്ചാബിന് തിരിച്ചടി; ശ്രേയസിന് കിട്ടിയത് എട്ടിന്റെ പണി!

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് വിജയിച്ചിരുന്നു. മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ടീം പരാജയപ്പെടുത്തിയത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ വിജയം. അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കനോലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ശ്രേയസും സംഘവും ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചത്.

എന്നാല്‍, ഈ വിജയത്തിന് പിന്നാലെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന് വമ്പന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന് ഐ.പി.എല്‍ താരത്തിന് പിഴ ചുമത്തി.

12 ലക്ഷം രൂപയാണ് പിഴയായി അയ്യര്‍ ഒടുക്കേണ്ടത്. ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് ഈ നടപടി. ഇതോടെ ഈ സീസണില്‍ പിഴ ലഭിക്കുന്ന ആദ്യ ടീമായി പഞ്ചാബ് മാറി.

‘ഐ.പി.എല്ലിലെ നാലാം മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന് പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരിന് പിഴ ചുമത്തി. ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം ഇത് ടീമിന്റെ ആദ്യ കുറ്റകൃത്യമായതിനാല്‍ 12 ലക്ഷം രൂപയാണ് പിഴ,’ ഐ.പി.എല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഒരു മത്സരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കേണ്ടത് ക്യാപ്റ്റന്മാരുടെ ഉത്തരവാദിത്തമാണ്. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ ക്യാപ്റ്റന്മാര്‍ക്ക് പിഴ ലഭിക്കും. ആദ്യ തവണ 12 ലക്ഷവും അത് ആവര്‍ത്തിച്ചാല്‍ 24 ലക്ഷവുമാണ് പിഴ. ചില സാഹചര്യങ്ങളില്‍ ക്യാപ്റ്റന് സസ്‌പെന്‍ഷനും ലഭിക്കും.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

അതേസമയം, ഏപ്രില്‍ മൂന്നിനാണ് പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം മത്സരം. ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍. സി. എസ്. കെയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയമാണ് വേദി.

Content Highlight: IPL fined 12 Lakhs PBKS captain Shreyas Iyer for slow over rate

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more