| Sunday, 25th May 2025, 9:11 pm

നൂറിന് നൂറില്‍ നൂറ്! ഒന്നല്ല, രണ്ട് നേട്ടങ്ങളില്‍ തിളങ്ങി അഫ്ഗാന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സീസണിലെ അവസാന മത്സരത്തില്‍ വിജയിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിനോട് വിടപറയുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് സൂപ്പര്‍ കിങ്‌സ് സീസണിലനോട് ഗുഡ് ബൈ പറയുന്നത്.

83 റണ്‍സിനാണ് ടീമിന്റെ വിജയം. സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് 147 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ബാറ്റിങ്ങില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെയും ഡെവോണ്‍ കോണ്‍വേയുടെയും അര്‍ധ സെഞ്ച്വറികള്‍ ടീമിനെ മികച്ച സ്‌കോറിലെത്തിച്ചപ്പോള്‍ അന്‍ഷുല്‍ കാംബോജിന്റെയും നൂര്‍ അഹമ്മദിന്റെയും മൂന്ന് വിക്കറ്റ് നേട്ടങ്ങള്‍ ടൈറ്റന്‍സിനെ പരാജയത്തിലേക്ക് തള്ളിവിട്ടു.

ഈ പ്രകടനത്തിന് പിന്നാലെ നിലവില്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും നൂര്‍ അഹമ്മദ് സ്വന്തമാക്കി. 14 മത്സരത്തില്‍ നിന്നും 17.00 ശരാശരിയിലും 12.50 സ്‌ട്രൈക്ക് റേറ്റിലും 24 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഇതിന് പുറമെ രണ്ട് തകര്‍പ്പന്‍ നേട്ടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും നൂര്‍ അഹമ്മദിന് സാധിച്ചു.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന അഫ്ഗാന്‍ താരമെന്ന റെക്കോഡാണ് ഇതില്‍ ആദ്യം. റാഷിദ് ഖാന്‍ മാത്രം ഇടം പിടിച്ച ലിസ്റ്റിലേക്കാണ് നൂര്‍ പന്തെറിഞ്ഞ് കാലെടുത്ത് വെച്ചത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍

(താരം – ടീം – വിക്കറ്റ് – സീസണ്‍ എന്നീ ക്രമത്തില്‍)

റാഷിദ് ഖാന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 27 – 2023

നൂര്‍ അഹമ്മദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 24 – 2025*

റാഷിദ് ഖാന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 21 – 2018

റാഷിദ് ഖാന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 20 – 2020

ഇതിനൊപ്പം ഒരു ഐ.പി.എല്‍ സീസണിന്റെ ലീഗ് ഘട്ടത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന സ്പിന്നര്‍ എന്ന റെക്കോഡിലാണ് നൂര്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍മാര്‍ (ലീഗ് ഘട്ടത്തില്‍)

(താരം – ടീം – വിക്കറ്റ് – വര്‍ഷം)

യൂസ്വേന്ദ്ര ചഹല്‍ – രാജസ്ഥാന്‍ റോയല്‍സ് – 26 -2022

നൂര്‍ അഹമ്മദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 24 – 2025*

വാനിന്ദു ഹസരങ്ക – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 24 – 2022

റാഷിദ് ഖാന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 24 – 2023

മത്സരത്തില്‍ ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സാണ് ആയുഷ് മാഹ്‌ത്രെയും ഡെവോണ്‍ കോണ്‍വേയും ചേര്‍ത്തുവെച്ചത്.

നാലാം ഓവറിലെ നാലാം പന്തില്‍ മാഹ്‌ത്രെയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ആദ്യ രക്തം ചിന്തി. 17 പന്തില്‍ 34 റണ്‍സാണ് മാഹ്‌ത്രെ സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ ഉര്‍വില്‍ പട്ടേലും നിരാശനാക്കിയില്ല. കോണ്‍വേക്കൊപ്പം ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ താരം 19 പന്തില്‍ 37 റണ്‍സുമായി കളം വിട്ടു.

കോണ്‍വേ 35 പന്തില്‍ 52 റണ്‍സ് നേടി ടോപ് ഓര്‍ഡറില്‍ കരുത്തായി. ആറ് ഫോറും രണ്ട് സിക്‌സറുമടക്കം മികച്ച രീതിയില്‍ ബാറ്റ് വീശവെ റാഷിദ് ഖാന്റെ പന്തില്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു.

23 പന്തില്‍ 57 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസാണ് മിഡില്‍ ഓര്‍ഡറില്‍ ടീമിനെ താങ്ങിനിര്‍ത്തിയത്. അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 247.83 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടം.

എട്ട് പന്തില്‍ 17 റണ്‍സ് നേടിയ ശിവം ദുബെ, 18 പന്തില്‍ പുറത്താകാതെ 21 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനവും ടീമില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ കിങ്സ് 230 റണ്‍സില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ടൈറ്റന്‍സിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് പവര്‍പ്ലേയില്‍ തന്നെ ആദ്യ മൂന്ന് വിക്കറ്റുകളും നഷ്ടമായി. സീസണില്‍ ഇതാദ്യമായാണ് ടൈറ്റന്‍സിന്റെ ആദ്യ മൂന്ന് വിക്കറ്റുകള്‍ ആറ് ഓവറുകള്‍ക്കുള്ളില്‍ നഷ്ടപ്പെടുന്നത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ഒമ്പത് പന്തില്‍ 13), സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ (ഏഴ് പന്തില്‍ അഞ്ച്), വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (നാല് പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് തുടക്കത്തിലേ നഷ്ടമായത്.

ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞെങ്കിലും സായ് സുദര്‍ശന്‍ ഒരറ്റത്ത് ചെറുത്തുനിന്നു. നാലാം വിക്കറ്റില്‍ ഷാരൂഖ് ഖാനെ ഒപ്പം കൂട്ടി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി സായ് ടീമിനെ താങ്ങി നിര്‍ത്തി.

11ാം ഓവറിലെ ആദ്യ പന്തില്‍ ഷാരൂഖ് ഖാനെ മടക്കി രവീന്ദ്ര ജഡേജ കൂട്ടുകെട്ട് പൊളിച്ചു. 15 പന്തില്‍ 19 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. അതേ ഓവറില്‍ സായ് സുദര്‍ശനെയും പുറത്താക്കിയ ജഡ്ഡു ടൈറ്റന്‍സിന് മേല്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു. 28 പന്തില്‍ 41 റണ്‍സുമായി നില്‍ക്കവെ ശിവം ദുബെക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. റാഷിദ് ഖാന്‍ 12 റണ്‍സും അര്‍ഷദ് ഖാന്‍ 20 റണ്‍സും നേടി പുറത്തായി.

ഒടുവില്‍ 18.3 ഓവറില്‍ ടൈറ്റന്‍സിന്റെ പത്താം വിക്കറ്റും വീണു.

സൂപ്പര്‍ കിങ്‌സിനായി അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും തിളങ്ങി. ഖലീല്‍ അഹമ്മദും മതീശ പതിരാനയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

Content highlight: IPL 2055: Noor Ahmmed bags several record

We use cookies to give you the best possible experience. Learn more