| Saturday, 2nd May 2026, 1:35 pm

ഈ ടീമുകളില്‍ ഒന്നാവും പ്ലേഓഫിലെ നാലാമന്‍: വസീം ജാഫര്‍

ഫസീഹ പി.സി.

ദല്‍ഹി ക്യാപിറ്റല്‍സ് ഐ.പി.എല്‍ 2026ല്‍ പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ള ടീമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ചെയ്സ് ആധികാരികമായിരുന്നവെന്നും അവര്‍ ഒരു അപകടകരമായ ടീമാണെന്നും അദ്ദേഹം പറഞ്ഞു.

പ്ലേ ഓഫിലേക്ക് എത്താന്‍ യോഗ്യതയുണ്ടെന്ന് രാജസ്ഥാനെതിരെയുള്ള പ്രകടനത്തില്‍ തെളിയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബ്, ആര്‍.സി.ബി, എസ്.ആര്‍.എച്ച് എന്നിവര്‍ പ്ലേ ഓഫില്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം നാലാം സ്ഥാനത്തിനായി ദല്‍ഹിയും രാജസ്ഥാനും തമ്മില്‍ മത്സരമായിരിക്കുമെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

വസീം ജാഫര്‍.

‘ഇതൊരു ആധികാരിക ചെയ്‌സായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സ് ഒരു അപകടകരമായ ടീമാണെന്ന് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അവര്‍ പ്ലേഓഫില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നത്. ഇന്നത്തെ പ്രകടനം അത് തെളിയിച്ചു. ജോഫ്ര ആര്‍ച്ചറുടെ ബൗളിങ് കണ്ടപ്പോള്‍ ഈ റണ്‍സ് കുറച്ച് കൂടുതലാണെന്നും ചെയ്സിങ് ബുദ്ധിമുട്ടാകുമെന്നും കരുതിയിരുന്നു. എന്നാല്‍ അവരത് മികച്ച രീതിയില്‍ പിന്തുടര്‍ന്ന് ജയിച്ചു.

ഇപ്പോള്‍ പോയിന്റ് ടേബിള്‍ കൂടുതല്‍ രസകരമായി മാറുകയാണ്. പഞ്ചാബും ആര്‍.സി.ബിയും പ്ലേ ഓഫിലെത്തും. താരങ്ങള്‍ ഫോമിലായതിനാല്‍ എസ്.ആര്‍.എച്ചും ശക്തരാണ്. അതിനാല്‍ അവര്‍ക്കും പ്ലേഓഫിന് യോഗ്യത ലഭിച്ചേക്കും. ഈ സ്റ്റേജില്‍ അവര്‍ക്ക് അതിന് സാധിച്ചില്ലെങ്കില്‍ ഈ ടീമുകള്‍ വലിയ പിഴവുകള്‍ വരുത്തിയെന്ന് പറയേണ്ടി വരും.

നാലാം സ്ഥാനത്തേക്ക് രാജസ്ഥാനും ദല്‍ഹിയും തമ്മില്‍ മത്സരമായിരിക്കും. ഞാനിത് നേരത്തെ തന്നെ പ്രവചിച്ചിട്ടുണ്ട്. മറ്റ് ടീമുകള്‍ ഇവര്‍ക്ക് യാതൊരു വെല്ലുവിളിയും ഉയര്‍ത്തുമെന്ന് ഞാന്‍ കരുതുന്നില്ല. ബാക്കി വരുന്ന ടീമുകള്‍ യഥാര്‍ത്ഥത്തില്‍ മത്സരിക്കുന്നത് അവസാന സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ്,’ വസീം ജാഫര്‍ പറഞ്ഞു.

മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് താരങ്ങളും ദൽഹി ക്യാപിറ്റൽസ് താരങ്ങളും. Photo: iplt20.com

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ദല്‍ഹി രാജസ്ഥാനെ തോല്‍പ്പിച്ചിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഏഴ് വിക്കറ്റിനായിരുന്നു വിജയം. ഇതിന് പിന്നാലെ ടീം ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

രാജസ്ഥാന്‍ നിലവില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളില്‍ ആറ് വിജയവുമായി 12 പോയിന്റാണ് ടീമിനുള്ളത്. 12 പോയിന്റ് വീതമുള്ള ആര്‍.സി.ബിയും എസ്.ആര്‍.എച്ചുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് 13 പോയിന്റുമായി പഞ്ചാബ് കിങ്സാണ്.

Content Highlight: IPL 2026: Wasim Jaffer predicts that battle for fourth spot would be between RR and DC

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more