| Tuesday, 2nd June 2026, 10:52 am

കിരീടത്തിനൊപ്പം കോഹ്‌ലിയ്ക്ക് മറ്റൊരു സിംഹാസനവും; കിങ്ങല്ലാതെ മറ്റാര് വാഴും!

ഫസീഹ പി.സി.

17 വര്‍ഷങ്ങള്‍ കിരീടമില്ലാതിരുന്ന ബെംഗളൂരു ഐ.പി.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ടീമിന്റെ കിരീടധാരണം. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്.

കലാശപ്പോരില്‍ ഗുജറാത്തിനെതിരെ വിരാട് അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിന് കരുത്തായത്. 42 പന്തുകള്‍ നേരിട്ട താരം സ്‌കോര്‍ ചെയ്തത് 75 റണ്‍സാണ്. മൂന്ന് സിക്‌സറുകളും ഒമ്പത് ഫോറുകളുമാണ് 37കാരന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 178.57 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കിങ്ങിന്റെ താണ്ഡവം.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

ഈ പ്രകടനം കോഹ്‌ലിയ്ക്ക് സീസണിലെ തന്റെ സ്‌കോര്‍ 675 റണ്‍സായി ഉയര്‍ത്തി. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ 600+ റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് താരം തന്റെ പേരില്‍ ചേര്‍ത്തത്.

2023 മുതല്‍ 2026 വരെയുള്ള സീസണുകളില്‍ 600 റണ്‍സിലധികം സ്‌കോര്‍ ചെയ്താണ് വിരാട് ഈ സിംഹാസനം സ്വന്തമാക്കിയത്. 2023ല്‍ താരം 639 റണ്‍സെടുത്തപ്പോള്‍ അടുത്ത വര്‍ഷം മുന്‍ ആര്‍.സി.ബി നായകന്‍ 741 റണ്‍സെടുത്ത് ഓറഞ്ച് ക്യാപ് നേടിയെടുത്തു.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

657 റണ്‍സായിരുന്നു കഴിഞ്ഞ സീസണിലെ അഥവാ 2025ലെ വിരാടിന്റെ സമ്പാദ്യം. ഇപ്പോള്‍ വീണ്ടും 600+ റണ്‍സ് നേടിയാണ് താരം സീസണ്‍ അവസാനിപ്പിച്ചത്. 2026 സീസണില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും അടക്കമാണ് 37കാരന്‍ ഇത്രയും റണ്‍സ് നേടിയത്.

നേരത്തെ, ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കോഹ്‌ലിയുടെ സ്ഥാനം. ഇവരെല്ലാം മൂന്ന് സീസണുകളിലാണ് തുടര്‍ച്ചയായി 600+ റണ്‍സ് നേടിയത്. മറ്റൊരു സീസണിലും സ്ഥിരതയോടെ ബാറ്റ് ചെയ്താണ് ഇപ്പോള്‍ നാല് സീസണുകളില്‍ ഈ നേട്ടം കൈവരിക്കുന്ന ഏക താരമായി വിരാട് മാറിയത്.

Content Highlight: IPL 2026: Virat Kohli became first player to score 600+ runs in four consecutive IPL season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more