| Friday, 10th April 2026, 8:29 pm

അവന്റെ പേര് ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്ന് കേള്‍ക്കും: ഉമേഷ് യാദവ്

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ മൂന്ന് വിക്കറ്റിനാണ് ടീമിന്റെ വിജയം.

കെ.കെ.ആര്‍ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്‌നൗ മറികടക്കുകയായിരുന്നു. ഇതോടെ ടീം സീസണിലെ രണ്ടാം ജയം സ്വന്തമാക്കി.

യുവതാരം മുകുള്‍ ചൗധരിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ലഖ്‌നൗവിന് വിജയം സമ്മാനിച്ചത്. 27 പന്തുകള്‍ നേരിട്ട് പുറത്താകാതെ താരം 54 റണ്‍സ് നേടി. ഏഴ് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 200.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൊല്‍ക്കത്ത താരങ്ങളെ പ്രഹരിച്ചത്.

ഉമേഷ് യാദവ്.

ഇപ്പോള്‍ മുകുളിന്റെ ഇന്നിങ്‌സിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഉമേഷ് യാദവ്. കൊല്‍ക്കത്ത വിജയിച്ചുവെന്ന് കരുതിയടത്ത് നിന്നാണ് മുകുള്‍ കാര്യങ്ങള്‍ മാറ്റി മറിച്ചതെന്നും അസാധ്യമായി ഒന്നുമില്ലെന്ന് തന്റെ ബാറ്റിങ്ങിലൂടെ താരം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദഘട്ടത്തില്‍ മുകുള്‍ കാണിച്ച പക്വതയും ആത്മവിശ്വാസവും എടുത്തു പറയേണ്ടതാണെന്നും ഏറെ കാലം താരത്തിന്റെ പേര് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു കേള്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ഉമേഷ് യാദവ്.

‘മത്സരത്തില്‍ കെ.കെ.ആറായിരുന്നു മുന്നില്‍. അവര്‍ ജയിച്ചുവെന്ന് കരുതിയിടത്താണ് മുകുള്‍ ചൗധരി കളി മാറ്റിമറിച്ചത്. അസാധ്യമായി ഒന്നുമില്ലെന്ന് തന്റെ ബാറ്റിങ്ങിലൂടെ അവന്‍ തെളിയിച്ചു. സമ്മര്‍ദഘട്ടത്തില്‍ അവന്‍ കാണിച്ച പക്വതയും ആത്മവിശ്വാസവും എടുത്തു പറയേണ്ടതാണ്.

തീര്‍ച്ചയായും മുകുളിന്റെ പേര് ഇന്ത്യന്‍ ക്രിക്കറ്റില്‍, ആരാധകക്കിടയില്‍ ഏറെ കാലം ഉയര്‍ന്ന് കേള്‍ക്കും. അവന്‍ ബാറ്റ് ചെയ്ത രീതി ഏറെ പ്രശംസനീയമാണ്. ആഭ്യന്തര ക്രിക്കറ്റിലെ തന്റെ അതേ ഫോമും കളി അടിച്ച് ജയിക്കുമെന്ന മനോഭാവത്തോടെയുമായാണ് അവന്‍ ഇവിടെയും കളിച്ചത്. ഇന്നത്തെ കാലത്ത് ക്രിക്കറ്റില്‍ ഈ ആത്മവിശ്വാസം അത്യാവശ്യമാണ്. ലഖ്നൗ അവനിലര്‍പ്പിച്ച വിശ്വാസത്തിനുള്ള പ്രതിഫലമാണ് ഈ വിജയം,’ ഉമേഷ് യാദവ് പറഞ്ഞു.

മുകുള്‍ ചൗധരി. Photo: IndianPremierLeague/x.com

ലഖ്നൗ അഞ്ചിന് 104 എന്ന നിലയില്‍ പരാജയത്തിന്റെ വക്കില്‍ നില്‍ക്കുമ്പോളാണ് മുകുള്‍ ബാറ്റിങ്ങിനെത്തിയത്. ക്രീസില്‍ നിലയുറച്ചിരുന്ന ആയുഷ് ബദോനിയും (34 പന്തില്‍ 54) മടങ്ങിയതോടെ താരം പോരാട്ടം ഏറ്റെടുക്കുകയായിരുന്നു.

Content Highlight: IPL 2026: Umesh Yadav lauds LSG’s youngster Mukul Choudary’s performance against KKR

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more