ഐ.പി.എല്‍ 2026 കിരീടം സ്വന്തമാക്കിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡിന് തിരിച്ചടി. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തില്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് താരത്തിന് ഐ.പി.എല്‍ പിഴ ചുമത്തിയിരിക്കുകയാണ്. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.
പിഴക്കൊപ്പം തന്നെ രണ്ട് ഡി മെറിറ്റ് പോയിന്റും ഡേവിഡിന് ലഭിച്ചിട്ടുണ്ട്. ഇതോടെ താരത്തിന്റെ ഈ സീസണിലെ ഡിമെറിറ്റ് പോയിന്റ് അഞ്ചായി ഉയര്‍ന്നു. നേരത്തെ ഐ.പി.എല്‍ പെരുമാറ്റചട്ടം രണ്ട് തവണ ലംഘിച്ചതോടെ മൂന്ന് ഡിമെറിറ്റ് പോയിന്റ് താരത്തിന് ലഭിച്ചിരുന്നു.
ടിം ഡേവിഡ്. Photo: iplt20.com
ഇതോടെ ഡേവിഡിന് ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. അതിനാല്‍ 2027 ഐ.പി.എല്ലിലെ ആദ്യ മത്സരം ഓസീസ് ബാറ്റര്‍ക്ക് നഷ്ടമാകും.
അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ അമ്പയര്‍ നിതിന്‍ മേനോന് നേരെ ദേഷ്യത്തോടെ ഐസ് ബാഗ് എറിഞ്ഞതിനാണ് ഡേവിഡിന് പിഴ ലഭിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ ഇന്നിങ്‌സിനിടെ പത്താം ഓവറിലായിരുന്നു സംഭവം.
ഐ.പി.എല്‍ പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9 ലംഘിച്ചതിനാണ് ഡേവിഡിനെതിരെ നടപടി. ഒരു മത്സരത്തിനിടയില്‍ പന്തോ വെള്ളക്കുപ്പി അടക്കമുള്ള മറ്റ് ക്രിക്കറ്റ് ഉപകരണങ്ങള്‍ കളിക്കാര്‍, ടീം ഒഫീഷ്യല്‍, അമ്പയര്‍, മാച്ച് റഫറി, അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തി എന്നിവര്‍ക്ക് നേരെ അപകടകരമായ രീതിയില്‍ എറിയുന്നത് ശിക്ഷാര്‍ഹമാണ് എന്ന് വിധിക്കുന്നതാണ് ഈ വിധി.
അതേസമയം, കലാശപ്പോരില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ബെംഗളൂരു കിരീടം നിലനിര്‍ത്തിയത്. ഏറെ കാലത്തെ കിരീടവളര്‍ച്ച അവസാനിപ്പിച്ച ടീം ഇപ്പോള്‍ രണ്ടാം കിരീടവും തങ്ങളുടെ ഷെല്‍ഫിലെത്തിച്ചിരിക്കുയാണ്. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറി മികവിലാണ് പ്ലേ ബോള്‍ഡ് ആര്‍മി തുടര്‍ച്ചയായ രണ്ടാം തവണയും കപ്പുയര്‍ത്തിയത്.
Content Highlight: IPL 2026: Tim David fined breaching IPL code of conduct and handed one match ban