മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ കന്നി സെഞ്ച്വറി കുറിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവരുടെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.
ഗുജറാത്തിനെതിരെ 45 പന്തില്‍ പുറത്താവാതെ 101 റണ്‍സായിരുന്നു തിലകിന്റെ സമ്പാദ്യം. ഏഴ് സിക്‌സുകളും എട്ട് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 224.44 സ്‌ട്രൈക്ക് റേറ്റിലാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഗുജറാത്ത് ബൗളര്‍മാരെ തല്ലിയൊതുക്കിയത്.
സെഞ്ച്വറിനേട്ടം ആഘോഷിക്കുന്ന തിലക് വർമ. Photo: IndianPremierLeague/x.com
മത്സരത്തില്‍ വളരെ പതുക്കെ തുടങ്ങിയാണ് തിലക് തന്റെ ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. നേരിട്ട ആദ്യ 22 പന്തില്‍ താരം എടുത്തിരുന്നത് 19 റണ്‍സാണ്. പിന്നീട് ഗിയര്‍ മാറ്റിയ താരം ഗുജറാത്ത് ബൗളര്‍മാരെ പ്രഹരിക്കാന്‍ തുടങ്ങി. അടുത്ത 23 പന്തില്‍ 84 റണ്‍സും അടിച്ചെടുത്താണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
സീസണിന്റെ തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് തിലക് മൂന്നക്കം കടന്നത് എന്നതാണ് ശ്രദ്ധേയം. ഈ ഇന്നിങ്സോടെ താരം ഒരു എലീറ്റ് ലിസ്റ്റിലും ഇടം പിടിച്ചു. ഐ.പി.എല്ലില്‍ എതിര്‍ ടീമിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളിലാണ് തിലകും തന്റെ പേര് എഴുതി ചേര്‍ത്തത്.
ഇങ്ങനെ എതിര്‍ ടീമിന്റെ ടോട്ടലിനേക്കാള്‍ റണ്‍സ് നേടുന്ന എട്ടാമത്തെ താരമാണ് തിലക്. ഐ.പി.എല്ലിന്റെ പ്രഥമ സീസണില്‍ തന്നെ ബ്രെന്‍ഡന്‍ മെക്കല്ലമാണ് ആദ്യം ഈ നേട്ടത്തിന് ഉടമായത്. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ രണ്ട് തവണയും ഈ ലിസ്റ്റില്‍ ഇടം പിടിച്ചു.
2008ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേഴ്സിയിൽ കളിക്കുന്ന ബ്രെൻഡൻ മെക്കല്ലം.
രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി, എ.ബി. ഡിവില്ലിയേഴ്‌സ്, ജോണി ബെയര്‍സ്റ്റോ, കെ.എല്‍ രാഹുല്‍ എന്നിവരും ഇപ്പോള്‍ തിലക് വര്‍മയും ഈ എലീറ്റ് ലിസ്റ്റിന്റെ ഭാഗമായി.
(സ്‌കോര്‍ – താരം – ടീം – എതിരാളി – എതിര്‍ ടീം ടോട്ടല്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
158* – ബ്രെന്‍ഡന്‍ മെക്കല്ലം – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 82 – 2008
66 – രാഹുല്‍ ദ്രാവിഡ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – രാജസ്ഥാന്‍ റോയല്‍സ് – 58 – 2009
175* – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – പൂനെ വാരിയേഴ്സ് ഇന്ത്യ – 133 – 2013
117 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – പഞ്ചാബ് കിങ്സ് – 88 – 2015
109 – വിരാട് കോഹ്ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഗുജറാത്ത് ലയണ്‍സ് – 104 – 2016
129* – എ.ബി. ഡിവില്ലിയേഴ്‌സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഗുജറാത്ത് ലയണ്‍സ് – 104 – 2016
114 – ജോണി ബെയര്‍സ്റ്റോ – സണ്‍റൈസേഴ്സ് ഹൈദരബാദ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 113 – 2019
132* – കെ.എല്‍. രാഹുല്‍ – കിങ്സ് ഇലവന്‍ പഞ്ചാബ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 109 – 2020
101* – തിലക് വര്‍മ – മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് – 100 -2026
Content Highlight: IPL 2026: Tilak Varma became 8th batter to outscored the whole opposition in IPL history