2026 ഐ.പി.എല്ലില്‍ വിജയകുതിപ്പ് തുടര്‍ന്ന് സണ്‍റൈസേഴ്സ് ഹൈദരബാദ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഉദയസൂര്യന്മാരുടെ വിജയം.
ഹൈദരബാദ് ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിക്ക് 195 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും മികച്ച തുടക്കം നല്‍കിയിരുന്നു. 97 റണ്‍സ് ചേര്‍ത്താണ് ഓപ്പണര്‍മാര്‍ പിരിഞ്ഞത്. 26 പന്തില്‍ 37 റണ്‍സെടുത്ത ഹെഡ് മടങ്ങുകയായിരുന്നു. അക്‌സര്‍ പട്ടേലിനായിരുന്നു വിക്കറ്റ്.
ഇതോടെ ഇഷാന്‍ കിഷന്‍ ക്രീസിലെത്തി. അഭിഷേകുമായി ചേര്‍ന്ന് താരം ടീമിനെ മുന്നോട്ട് നയിച്ചു. ഇതിനിടയില്‍ അഭിഷേക് തന്റെ രണ്ടാം ഐ.പി.എല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. നേരിട്ട 47ാം പന്തിലായിരുന്നു താരം മൂന്നക്കം കടന്നത്.
സെഞ്ച്വറി നേടിയ അഭിഷേക് ശർമ. Photo: IndianPremierLeague/x.com
പിന്നാലെ കിഷന്‍ റണ്‍ഔട്ടായി മടങ്ങി. അഭിഷേക് എടുത്ത ഒരു ഷോട്ടില്‍ തന്റെ നേരെ വന്ന പന്തില്‍ ബൗളര്‍ നിതീഷ് റാണ തൊട്ടതോടെ നേരെ സ്റ്റംപില്‍ പതിച്ചു. അതോടെ ക്രീസിന് പുറത്തായ കിഷന് തിരികെ നടക്കേണ്ടി വന്നു. 13 പന്തില്‍ 25 റണ്‍സായിരുന്നു എസ്. ആര്‍. എച്ച് ക്യാപ്റ്റന്റെ സമ്പാദ്യം.
നാലാമനായി ഹെന്റിക് ക്ലാസന്‍ ക്രീസിലെത്തി. താരം അഭിഷേകിനൊപ്പം ചേര്‍ന്ന് ദല്‍ഹി ബൗളര്‍മാരെ തല്ലിയൊതുക്കി. ഇരുവരും ചേര്‍ന്ന് നിശ്ചിത ഓവറില്‍ ടീമിനെ രണ്ട് വിക്കറ്റിന് 242 എന്ന നിലയിലെത്തിച്ചു. അഭിഷേക് 68 പന്തില്‍ 135 റണ്‍സുമായും ക്ലാസന്‍ 13 പന്തില്‍ 37 റണ്‍സുമായും പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറില്‍ ഓപ്പണര്‍ പാതും നിസങ്ക ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത മടങ്ങി. ദില്‍ഷന്‍ മധുശങ്കക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഒന്നിച്ച കെ.എല്‍ രാഹുല്‍ – നിതീഷ് റാണ സഖ്യം മികച്ച നിലയില്‍ മുന്നോട്ട് നയിച്ചു.
എന്നാല്‍ 86 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്ത് ഈ ജോഡി പിരിഞ്ഞു. 23 പന്തില്‍ 37 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി സാകിബ് ഹുസൈനാണ് ദല്‍ഹിക്ക് പ്രഹരമേല്പിച്ചത്.
അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഇഷാന്‍ മലിംഗയ്ക്ക് വിക്കറ്റ് നല്‍കി നിതീഷ് റാണയും കൂടാരം കയറി. 30 പന്തില്‍ 57 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെത്തിയ ഡേവിഡ് മില്ലര്‍ നിലം തൊടാന്‍ അനുവദിക്കാതെ മലിംഗ തന്നെ തിരികെ അയച്ചു.
പിന്നീട് ഒത്തുചേര്‍ന്ന സമീര്‍ റിസ്വി – ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് സഖ്യം പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടിയുയര്‍ത്തിയതിന് ശേഷം സ്റ്റബ്‌സ് മടങ്ങി. 16 പന്തില്‍ 27 റണ്‍സെടുത്ത സ്റ്റബ്സിനെ പുറത്താക്കിയതും മലിംഗ തന്നെയാണ്.
ഇംപാക്ടായി ഇറങ്ങിയ അശുതോഷ് ശര്‍മ പത്ത് പന്തില്‍ 14 റണ്‍സുമായും പുറത്തായി. മലിംഗയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. അവസാന ഓവറില്‍ ആദ്യ പന്തില്‍ ഹര്‍ഷ് ദുബൈയ്ക്ക് വിക്കറ്റ് നല്‍കി ക്യാപ്റ്റന്‍ അക്സര്‍ പട്ടേലും (മൂന്ന് പന്തില്‍ രണ്ട്) അഞ്ചാം പന്തില്‍ റിസ്വിയും തിരികെ നടന്നു.
28 പന്തില്‍ 41 റണ്‍സായിരുന്നു റിസ്വിയുടെ സമ്പാദ്യം. ആ ഓവറിലെ അവസാന പന്തില്‍ ലുങ്കി എന്‍ഗിഡി ഹര്‍ഷ് ദുബൈയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ച് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇതോടെ ദല്‍ഹിക്ക് തങ്ങളുടെ പോരാട്ടം ഒമ്പത് വിക്കറ്റിന് 195ല്‍ അവസാനിപ്പിക്കേണ്ടി വന്നു.
Content Highlight: IPL 2026: Sunrisers Hyderabad defeated Delhi Capitals by 47 runs