| Monday, 4th May 2026, 7:54 am

ഇതിഹാസങ്ങള്‍ക്കൊന്നും സാധിക്കാത്തത്; നരെയ്ന്‍ എറിഞ്ഞ് വീഴ്ത്തിയത് ഐ.പി.എല്‍ ചരിത്രം

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയിരുന്നു. എസ്. ആര്‍. എച്ചിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. ആംഗ്രിഷ് രഘുവംശിയുടെ കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.

ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കെ.കെ.ആര്‍ പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത സീസണിലെ മൂന്നാം വിജയം നേടി.

സുനിൽ നരെയ്ൻ. Photo: adi./x.com

മത്സരത്തില്‍ കൊല്‍ക്കത്ത സ്റ്റാര്‍ ബൗളര്‍ സുനില്‍ നരെയ്ന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. നാല് ഓവര്‍ എറിഞ്ഞ താരം വെറും 31 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ വിന്‍ഡീസ് താരം ടൂര്‍ണമെന്റില്‍ 200 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ബൗളറായും മാറി.

ഇതിനൊപ്പം തന്നെ മറ്റൊരു നേട്ടവും നരെയ്ന്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഒരു ടീമിനായി 200 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്പിന്നര്‍ തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. 195 ഇന്നിങ്‌സില്‍ കൊല്‍ക്കത്തക്കായി കളത്തിലിറങ്ങിയാണ് ഈ നേട്ടം.

ഐ.പി.എല്ലില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(താരം – ടീം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 201

ജസ്പ്രീത് ബുംറ – മുംബൈ ഇന്ത്യന്‍സ് – 186

ലസിത് മലിംഗ – മുംബൈ ഇന്ത്യന്‍സ് – 170

ഭുവനേശ്വര്‍ കുമാര്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 157

രവീന്ദ്ര ജഡേജ – ചെന്നൈ സൂപ്പര്‍ കിങ്സ് – 143

യുസ്വേന്ദ്ര ചഹല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 139

ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്സ് – 139

ആംഗ്രിഷ് രഘുവംശി. Photo: KolkataKnightRiders/x.com

മത്സരത്തില്‍ കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകളും കാര്‍ത്തിക് ത്യാഗി രണ്ട് വിക്കറ്റുകളും വീഴ്ത്തി. വൈഭവ് അറോറ, കാമറൂണ്‍ ഗ്രീന്‍, അനുകുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീതമെടുത്തു. ബാറ്റിങ്ങില്‍ രഘുവംശി 47 പന്തില്‍ 59 റണ്‍സും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 36 പന്തില്‍ 43 റണ്‍സും നേടി. ഫിന്‍ അലന്‍ 13 പന്തില്‍ 29 റണ്‍സും റിങ്കു സിങ് 11 പന്തില്‍ 22 റണ്‍സും സംഭാവന ചെയ്തു.

Content Highlight: IPL 2026: Sunil Narine became first bowler to take 200 wickets for an IPL team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more