2026 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്‌കോറുയര്‍ത്തിയത്.
മത്സരത്തില്‍ ബെംഗളൂരുവിനായി ബൗളിങ്ങില്‍ മിന്നും പ്രകടനം പുറത്തെടുത്തത് ഫാസ്റ്റ് ബൗളര്‍ ജേക്കബ് ഡഫിയാണ്. താരം തന്റെ ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. നാല് ഓവറില്‍ വെറും 22 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ പ്രകടനം.
ജേക്കബ് ഡഫി. Photo: Royal Challengers Bengaluru/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലും ഡഫി തന്റെ പേരില്‍ എഴുതി കുറിച്ചു. ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയ ആര്‍.സി.ബി ബൗളര്‍മാരില്‍ മൂന്നാമതായി പേര് ചേര്‍ക്കാനാണ് താരത്തിന് സാധിച്ചത്. 2013ല്‍ ആര്‍. സി. ബിക്കായി രവി രാംപോള്‍ ചെന്നൈക്കെതിരെ കുറിച്ച 31ന് മൂന്ന് വിക്കറ്റുകളുടെ പ്രകടനം മറികടന്നാണ് താരം മൂന്നാമതെത്തിയത്.
(ബൗളിങ് പ്രകടനം – താരം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
4/33 – ഡേവിഡ് വീസെ – മുംബൈ ഇന്ത്യന്‍സ് – 2015
3/20 – വൈശാഖ് വിജയകുമാര്‍ – ദല്‍ഹി ക്യാപിറ്റല്‍സ് – 2023
3/22 – ജേക്കബ് ഡഫി – സണ്‍റൈസേഴ്സ് ഹൈദരബാദ് – 2026
3/31 – രവി രാംപോള്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 2013
3/32 – ഡില്ലണ്‍ ഡു പ്രീസ് – മുംബൈ ഇന്ത്യന്‍സ് – 2009
ഡഫിക്ക് പുറമെ റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, അഭിനന്ദന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ഇഷാൻ കിഷൻ. Photo: SunRisers Hyderabad/x.com
ഹൈദരാബാദിനായി ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 38 പന്തില്‍ 80 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 18 പന്തില്‍ 43 റണ്‍സ് നേടിയ അനികേത് വര്‍മയും 22 പന്തില്‍ 31 റണ്‍സ് ഹെന്റിക്ക് ക്ലാസനും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.
Content Highlight: IPL 2026: SRH vs RCB: Jacob Duffy registers third best bowling figure in IPL debut among RCB bowlers