ഐ.പി.എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് ടീം പരാജയപ്പെടുത്തിയത്. 33 റണ്‍സിനായിരുന്നു ഉദയസൂര്യന്മാരുടെ വിജയം.
ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് നിരയില്‍ കൂപ്പര്‍ കനോലി സെഞ്ച്വറി നേടിയെങ്കിലും ടീമിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് മികച്ച തുടക്കം നല്‍കിയതിന് ശേഷം അഭിഷേക് ശര്‍മ പുറത്തായിരുന്നു. 13 പന്തില്‍ 35 റണ്‍സുമായി ലോക്കി ഫെര്‍ഗുസണ് വിക്കറ്റ് നല്‍കിയായിരുന്നു മടക്കം. ഏറെ വൈകാതെ 19 പന്തില്‍ 38 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ യുസ്വേന്ദ്ര ചഹലും പുറത്താക്കി.
പിന്നീട് ഒന്നിച്ച ഇഷാന്‍ കിഷന്‍ – ഹെന്റിക് ക്ലാസന്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. പിന്നാലെ 32 പന്തില്‍ 55 റണ്‍സുമായി ഇഷാന്‍ അര്‍ഷ്ദീപ് സിങിന്റെ പന്തില്‍ തിരികെ നടന്നു. അതോടെ നിതീഷ് കുമാര്‍ റെഡ്ഡി ക്രീസിലെത്തി.
ഇന്നിങ്‌സിലെ അവസാന പന്തില്‍ 43 പന്തില്‍ 69 റണ്‍സെടുത്ത ക്ലാസന്‍ വിജയകുമാര്‍ വൈശാഖിന് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറി. നിതീഷ് 13 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നതോടെ ഹൈദരാബാദ് നാലിന് 235 എന്ന നിലയിലെത്തി.
മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് 23 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മൂന്ന് പേരെ നഷ്ടമായി. പാറ്റ് കമ്മിന്‍സ്, നിതീഷ്, ഇഷാന്‍ മലിംഗ എന്നിവരുടെ സ്ട്രൈക്കില്‍ പ്രിയാന്‍ഷ് ആര്യ (മൂന്ന് പന്തില്‍ ഒന്ന്), പ്രഭ്‌സിമ്രാന്‍ സിങ് (നാല് പന്തില്‍ മൂന്ന്), ശ്രേയസ് അയ്യര്‍ (അഞ്ച് പന്തില്‍ അഞ്ച്) എന്നിവര്‍ കൂടാരം കയറി.
14 പന്തില്‍ 28 റണ്‍സുമായി മര്‍ക്കസ് സ്റ്റോയ്നിസ് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ശിവാംഗ് കുമാറിന് മുന്നില്‍ കീഴടങ്ങി. പിന്നാലെത്തിയ സൂര്യന്‍ഷ് ഷെഡ്ജെ 17 പന്തില്‍ 25 റണ്‍സെടുത്ത് മടങ്ങി. കമ്മിന്‍സിനായിരുന്നു വിക്കറ്റ്.
അടുത്ത ഓവറില്‍ ക്രീസിലെത്തിയ ശശാങ്ക് സിങ് (മൂന്ന് പന്തില്‍ നാല്) സാകിബ് ഹുസൈന് മുന്നില്‍ അടിയറവ് പറഞ്ഞു. അപ്പോഴെല്ലാം ഒരുവശത്ത് കൂപ്പര്‍ കനോലി പിടിച്ചുനിന്നു. പിന്നാലെത്തിയ മാര്‍ക്കോ യാന്‍സനെ കൂട്ടുപിടിച്ച് കനോലി സ്‌കോറുയര്‍ത്തി. ഇരുവരും ഫിഫ്റ്റി കൂട്ടുകെട്ട് ഉയര്‍ത്തി ടീമിന് പ്രതീക്ഷ നല്‍കി.
അവസാന ഓവറിലെ ആദ്യ പന്തില്‍ യാന്‍സന്‍ 16 പന്തില്‍ 19 റണ്‍സുമായി ശിവാംഗിന് വിക്കറ്റ് നല്‍കി മടങ്ങി. ഓവറിലെ നാലാം പന്തില്‍ കനോലി ഫോറടിച്ച് തന്റെ ആദ്യ ടി – 20 സെഞ്ച്വറി കുറിച്ചു. എന്നാല്‍, ഇതിനകം തന്നെ പഞ്ചാബ് കളി കൈവിട്ടിരുന്നു. അടുത്ത പന്തില്‍ സിക്‌സടിച്ച് താരം തന്റെ സ്‌കോര്‍ 59 പന്തില്‍ നിന്ന് 107 ആയി ഉയര്‍ത്തി. അതോടെ പഞ്ചാബിന് ഏഴ് വിക്കറ്റിന് 202 റണ്‍സ് എന്ന നിലയില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
Content Highlight: IPL 2026: SRH vs PBKS: SRH defeated Punjab Kings for 33 runs