ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു.. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു വിജയം. ട്രാവിസ് ഹെഡിന്റെയും ഹെന്റിക് ക്ലാസന്റെയും മികവിലായിരുന്നു ഉദയസൂര്യന്മാര്‍ മുംബൈ തകര്‍ത്തെറിഞ്ഞത്.
മുംബൈ ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം ഹൈദരാബാദ് എട്ട് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കാന്‍ ടീമിന് സാധിച്ചു.
മത്സരത്തില്‍ അഭിഷേക് ശര്‍മ ഓപ്പണിങ്ങില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ചിരുന്നു. 24 പന്തില്‍ 45 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 187. 50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം മുംബൈയെ പ്രഹരിച്ചത്. ഈ ഇന്നിങ്‌സില്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് നാല് ഫോറുകളും മൂന്ന് സിക്‌സുകളും അതിര്‍ത്തി കടന്നു.
അഭിഷേക് ശർമ. Photo: IndianPremierLeague/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും അഭിഷേക് തന്റെ പേരിലാക്കി. ഐ.പി.എല്ലില്‍ 200+ ടോട്ടല്‍ ചെയ്സ് ചെയ്യുമ്പോള്‍ ഏറ്റവും സിക്‌സ് നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഓപ്പണര്‍ തന്റെ കൈപിടിയിലൊതുക്കിയത്. 41 സിക്‌സുകളാണ് താരം ഇത്തരം ചെയ്സുകളില്‍ നേടിയിട്ടുള്ളത്.
മലയാളി താരം സഞ്ജു സാംസണിനെ മറികടന്നാണ് അഭിഷേകിന്റെ മുന്നേറ്റം. സഞ്ജു 200ന് മുകളിലുള്ള റണ്‍ ചെയ്സുകളില്‍ 38 സിക്‌സുകളാണ് അടിച്ചിട്ടുള്ളത്. ഇതാണ് ഇപ്പോള്‍ അഭിഷേക് പഴങ്കഥയാക്കിയത്.
അഭിഷേക് ശര്‍മ – 41
സഞ്ജു സാംസണ്‍ – 38
ശ്രേയസ് അയ്യര്‍ – 34
ഇഷാന്‍ കിഷന്‍ – 32
കെ.എല്‍. രാഹുല്‍ – 31
നിതീഷ് റാണ – 31
ഹൈദരാബാദിനായി അഭിഷേകിന് പുറമെ ട്രാവിസ് ഹെഡും ഹെന്റിക് ക്ലാസനും അര്‍ധ സെഞ്ച്വറി നേടി. ഹെഡ് 30 പന്തില്‍ 76 റണ്‍സും ക്ലാസന്‍ 30 പന്തില്‍ പുറത്താകാതെ 65 റണ്‍സും സ്‌കോര്‍ ചെയ്തു. സലില്‍ അറോറ (പത്ത് പന്തില്‍ 30*) നിതീഷ് കുമാര്‍ റെഡ്ഡി (12 പന്തില്‍ 21) എന്നിവരും മികവ് പുലര്‍ത്തി.
റിയാന്‍ റിക്കള്‍ട്ടൺ. Photo: IndianPremierLeague/x.com
മുംബൈയ്ക്ക് വേണ്ടി റിയാന്‍ റിക്കള്‍ട്ടണ്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നെങ്കിലും വിജയിക്കാനായില്ല. 55 പന്തില്‍ 10 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 123* റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 22 പന്തില്‍ 46 റണ്‍സുമായി വില്‍ ജാക്സും 15 പന്തില്‍ 31 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.
ബൗളിങ്ങില്‍ ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ രണ്ട് വിക്കറ്റും ഇഷാന്‍ മലിംഗ, സാകിബ് ഹുസൈന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി. മുംബൈ നിരയില്‍ അള്ള ഗസന്‍ഫര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക്കും ട്രെന്റ് ബൗള്‍ട്ടും ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: IPL 2026: SRH vs MI: Abhishek Sharma top the list of most IPL Sixes while chasing 200+ (Indians) by surpassing Sanju Samson