2026 ഐ.പി.എല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ രണ്ടാം കിരീട നേട്ടം. രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമായും ബെംഗളൂരു മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ ആദ്യ കിരീട നേട്ടം.
ഐ.പി.എല്ലിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സീസണായിരുന്നു 2026. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ പിറന്ന സീസണ്‍ ആയിരുന്നു ഇത്. ഐ.പി.എല്‍ 19ാം എഡിഷനില്‍ പിറന്നത് 15 സെഞ്ച്വറികളാണ്. ഈ സീസണ്‍ തകര്‍ത്തെറിഞ്ഞത് 2024ല്‍ കുറിക്കപ്പെട്ട 14 സെഞ്ച്വറികളുടെ റെക്കോഡായിരുന്നു. ഇതിനൊപ്പം മറ്റൊരു പുതിയ ചരിത്രവും ഈ സീസണില്‍ പിറവിയെടുത്തു. 10 ടീമുകളിലെയും താരങ്ങള്‍ സെഞ്ച്വറി നേടുന്ന ആദ്യ ആദ്യ സീസണ്‍ കൂടിയാണിത്.
Photo: IndianPremierLeague/x.com
മലയാളി താരം സഞ്ജു സാംസണാണ് ഈ സീസണില്‍ സെഞ്ച്വറി വേട്ടക്ക് തുടക്കം കുറിച്ചത്. ഏപ്രില്‍ 11ന് ചെപ്പോക്കില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഐ.പി.എല്‍ 2026ലെ ആദ്യ സെഞ്ച്വറി. ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ വിജയം സമ്മാനിച്ചായിരുന്നു സഞ്ജു സീസണിലെ ആദ്യ മൂന്നക്കം കുറിച്ചത്.
സഞ്ജുവിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരം ക്വിന്റണ്‍ ഡി കോക്ക് സെഞ്ചൂറിയന്മാരുടെ ലിസ്റ്റില്‍ തന്റെ പേര് ചേര്‍ത്തു. പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു പ്രോട്ടിയാസ് വിക്കറ്റ് കീപ്പറുടെ സെഞ്ച്വറി തിളക്കം. മൂന്നാമനായി മുംബൈ താരം തിലക് വര്‍മ്മ സെഞ്ച്വറി നേടി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് തിലക് വര്‍മ സെഞ്ച്വറി നേടിയത്.
പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയും സെഞ്ച്വറി കരസ്ഥമാക്കി. ദല്‍ഹിക്കെതിരെയായിരുന്നു സീസണിലെ അഞ്ചാം സെഞ്ച്വറി പിറന്നത്. അടുത്ത സെഞ്ച്വറി കുറിച്ചത് സഞ്ജു തന്നെയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് സഞ്ജു തന്റെ രണ്ടാം സെഞ്ച്വറി അടിച്ചത്.
ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനും ശതകം നേടി ഈ ലിസ്റ്റില്‍ ഇടം പിടിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവായിരുന്നു ഈ സെഞ്ച്വറിയുടെ ഇരകള്‍. പിന്നാലെ ദല്‍ഹിയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെ.എല്‍. രാഹുലും മൂന്നക്കം കടന്ന് കഴിവ് തെളിയിച്ചു. രാഹുല്‍ പഞ്ചാബിനെതിരെ താണ്ഡവമാടിയത്. ഐ.പി.എല്ലില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ അടിച്ചെടുത്തായിരുന്നു. മത്സരത്തില്‍ 152 റണ്‍സ് നേടിയാണ് രാഹുല്‍ തിളങ്ങിയത്.
രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശിയും സെഞ്ച്വറി നേടി. ഒമ്പതാമനായി മുംബൈയുടെ റിയാന്‍ റിക്കില്‍ട്ടണും പത്താമനായി പഞ്ചാബിന്റെ കൂപ്പര്‍ കനോലിയും നൂറടിച്ചു. മൂവരുടെയും ബാറ്റിങ് ചൂടറിഞ്ഞത് ഹൈദരാബാദായിരുന്നു.
പിന്നാലെ ആര്‍.സി.ബിക്കെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും സീസണിലെ എലീറ്റ് ലിസ്റ്റില്‍ ഇടം കണ്ടെത്തി. ഒരിക്കല്‍ കൂടി ദല്‍ഹിയെ സെഞ്ച്വറി ചൂടറിയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ ഫിന്‍ അലനും തന്റെ പേര് ചേര്‍ത്തു.
സാക്ഷാല്‍ കിങ് വിരാട് കോഹ്ലിയായിരുന്നു ഈ സീസണിലെ അടുത്ത സെഞ്ചൂറിയന്‍. കൊല്‍ക്കത്തയായിരുന്നു താരത്തിന്റെ താണ്ഡവത്തിന് ഇരയായത്. പിന്നാലെ ശ്രേയസ് അയ്യരും മൂന്നക്കവുമായി തിളങ്ങി. ലഖ്‌നൗവിനെതിരെയായിരുന്നു പഞ്ചാബ് നായകന്റെ സെഞ്ച്വറി. രണ്ടാം ക്വളിഫയറില്‍ രാജസ്ഥാനെതിരെ മൂന്നക്കം കടന്ന് ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്‍ സീസണിലെ അവസാന സെഞ്ച്വറിയും സ്വന്തമാക്കി.
Content Highlight: IPL 2026 Season create a new history in century count