ഐ. പി. എല്‍ 2026ല്‍ സി.എസ്.കെ ജേഴ്‌സിയില്‍ സഞ്ജു സാംസണ്‍ തന്റെ രണ്ടാം സെഞ്ച്വറി കുറിച്ച് ആരാധകരുടെ മനസ് ഒരിക്കല്‍ കൂടി കീഴടക്കിയിരിക്കുകയാണ്. സീസണില്‍ ചെന്നൈക്കൊപ്പം ചേര്‍ന്ന താരത്തിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചിരുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട വിക്കറ്റ് കീപ്പര്‍ നാലാം മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ സംഹാര താണ്ഡവമാടി.
ഈ സീസണിലെ ആദ്യ സെഞ്ച്വറിയടിച്ചായിരുന്നു സഞ്ജു തനിക്കെതിരെ ഉയര്‍ന്ന സംശയമുനകള്‍ ഒടിച്ചത്. ആ മത്സരത്തില്‍ പുറത്താവാതെ 115 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അടുത്ത മത്സരത്തില്‍ മലയാളി ബാറ്റര്‍ 40+ റണ്‍സ് കണ്ടെത്തി. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ താരത്തിന് ഒറ്റയക്കത്തിന് കൂടാരം കയറേണ്ടി വന്നു.
സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
പക്ഷേ, മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ ആരാധകരുടെ നീലക്കടലിനെ സാക്ഷിയാക്കി സഞ്ജു ഒരിക്കല്‍ കൂടി മൂന്നക്കം കടന്നു. 54 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് താരം നേടിയത്. ഈ മികവ് തങ്ങളുടെ ചേട്ടന്‍ അടുത്ത മത്സരത്തിലും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നാളെ (ഏപ്രില്‍ 26) സഞ്ജുവും ചെന്നൈയും അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കാണ് വേദി.
സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിനെ കാത്ത് ഒരു സൂപ്പര്‍ നേട്ടമുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഏഴാമത്തെ താരമെന്ന നേട്ടമാണ് താരത്തിന് മുന്നിലുള്ളത്. അതിനായി വേണ്ടത് വെറും മൂന്ന് സിക്‌സുകള്‍ മാത്രമാണ്.
ഡേവിഡ് വാർണർ.
നിലവില്‍ സഞ്ജുവിന് 179 ഇന്നിങ്സില്‍ നിന്നും 234 സിക്സുകളുണ്ട്. മത്സരത്തില്‍ താരത്തിന് മൂന്ന് തവണ പന്ത് ഗാലറിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ഓസീസ് ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണറിനെ മറികടക്കാന്‍ സാധിക്കും. താരത്തിന് ടൂര്‍ണമെന്റില്‍ 184 ഇന്നിങ്സില്‍ നിന്നും 236 സിക്സുകളാണുള്ളത്.
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 141 – 357
രോഹിത് ശര്‍മ – 271 – 310
വിരാട് കോഹ്‌ലി – 266 – 303
എം.എസ്. ധോണി – 242 – 264
എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 251
ഡേവിഡ് വാര്‍ണര്‍ – 184 – 236
സഞ്ജു സാംസണ്‍ – 179 – 234
ആന്ദ്രേ റസല്‍ – 115 – 223
Content Highlight: IPL 2026: Sanju Samson needs three sixes to surpass David Warner in most sixes in IPL