സഞ്ജു സാംസണ്‍ 2026 ഐ.പി.എല്ലില്‍ മിന്നും പ്രകടനങ്ങളുമായി മുന്നേറുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള താരത്തിനെ ചുവടുമാറ്റത്തില്‍ തുടക്കത്തില്‍ പിഴച്ചെങ്കിലും പിന്നീട് ഫോമിലേക്ക് എത്തുകയായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ച്വറി നേടിയായിരുന്നു തന്നെ സംശയിച്ചവര്‍ക്കുള്ള മറുപടി ചേട്ടന്‍ നല്‍കിയത്.
വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈയെ നേരിട്ടപ്പോഴും സഞ്ജു സെഞ്ച്വറിയടിച്ചിരുന്നു. ഇതോടെ ചെന്നൈ ആരാധകരുടെ പ്രിയപ്പെട്ടവനായി വിക്കറ്റ് കീപ്പര്‍ മാറി. ഓരോ മത്സരത്തിലും വിക്കറ്റ് കീപ്പറുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സഞ്ജു സാംസൺ. Photo: chennaiSuperKings/x.com
ഇന്ന് (മെയ് ആറ്) ചെന്നൈ ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ സഞ്ജുവും ഒരു പ്രധാന ശ്രദ്ധാകേന്ദ്രവും തന്നെയാണ്. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ താരം മൂന്നക്കം കടന്നിരുന്നുവെന്നതാണ് അതിന് കാരണം. ഒരിക്കല്‍ കൂടി ദല്‍ഹിക്കെതിരെ തകര്‍പ്പന്‍ പ്രകടനം മലയാളി ബാറ്റര്‍ക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്.
ഐ.പി.എല്‍ ചരിത്രത്തിലെ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനാണ് സഞ്ജുവിന് സാധിക്കുക. ഇതിനായി ചെന്നൈ ഓപ്പണര്‍ക്ക് വേണ്ടത് മൂന്ന് സിക്‌സുകള്‍ മാത്രമാണ്.
234 സിക്‌സുകളാണ് സഞ്ജു ഇതുവരെ ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകളുടെ ജേഴ്‌സിയില്‍ 179 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഇത്രയും സിക്‌സുകള്‍ അടിച്ച് കൂട്ടിയത്.
സിക്‌സര്‍ വേട്ടക്കാരില്‍ നിലവില്‍ ഏഴാം സ്ഥാനത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് ലെജന്‍ഡ് ഡേവിഡ് വാര്‍ണറാണ്. 184 ഇന്നിങ്സില്‍ കളിച്ച താരം 236 സിക്‌സുകള്‍ നേടിയിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ഈ സ്ഥാനം കൈപ്പിടിയില്‍ ഒതുക്കാം.
ഡേവിഡ് വാര്‍ണര്‍.
(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 141 – 357
രോഹിത് ശര്‍മ – 272 – 317
വിരാട് കോഹ്ലി – 268 – 306
എം.എസ്. ധോണി – 242 – 264
എ.ബി. ഡി വില്ലിയേഴ്സ് – 170 – 251
ഡേവിഡ് വാര്‍ണര്‍ – 184 – 236
സഞ്ജു സാംസണ്‍ – 179 – 234*
കെ.എല്‍. രാഹുല്‍ – 144 – 232
ആന്ദ്രേ റസല്‍ – 115 – 223
Content Highlight: IPL 2026: Sanju Samson needs three sixes to climb into seventh position in most sixes in IPL